ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ധര്‍മേന്ദ്രയെ നഷ്ടമായിട്ട് കുറച്ച് ദിവസങ്ങളായി. ആറ് പതിറ്റാണ്ടിലേറെയായി സ്‌ക്രീനില്‍ തിളങ്ങിനിന്ന ധര്‍മേന്ദ്ര മുന്നൂറിലധികം സിനിമകളുടെ ഭാഗമായി. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും ആരാധകര്‍ ഓര്‍ക്കുന്നു. എന്നാല്‍, ഈ ജനപ്രീതിക്കും സിനിമാ ജീവിതത്തിനുമപ്പുറം ധര്‍മേന്ദ്രയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രണ്ട് വിവാഹങ്ങള്‍. 19-ാം വയസില്‍ പ്രകാശ് കൗറിനെ ജീവിതസഖിയാക്കിയതും പിന്നീട് 45-ാം വയസില്‍ ഹേമമാലിനിയെ വിവാഹം ചെയ്തതുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടി.
ഹേമാമാലിനിയുമായുള്ള വിവാഹത്തിന്റെ വിവാദങ്ങള്‍ക്കിടയിലും ധര്‍മേന്ദ്ര ആദ്യ ഭാര്യ പ്രകാശ് കൗറിനെ വിവാഹമോചനം ചെയ്തിരുന്നില്ല. അദ്ദേഹം തന്റെ രണ്ട് കുടുംബത്തിനും തുല്ല്യപ്രാധാന്യം നല്‍കുകയും ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. പ്രകാശ് കൗറും നാല് മക്കളും അവരുടെ പഴയ വീട്ടിലാണ് താമസിച്ചിരുന്നത്. ആ വീട്ടിലേക്ക് ഹേമാ മാലിനിയും മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും പോകാറുണ്ടായിരുന്നില്ല. എന്നാല്‍, 2015-ല്‍ അതില്‍ മാറ്റമുണ്ടായി.
അന്ന് നടന്‍ അഭയ് ഡിയോളിന്റെ പിതാവും ധര്‍മേന്ദ്രയുടെ ജ്യേഷ്ഠനുമായ അജിത് ഡിയോളിന്റെ ആരോഗ്യസ്ഥിതി മോശമായി. ഇഷയ്ക്കും അഹാനയ്ക്കും അജിത്തിനോടും അഭയിയോടും അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലായതോടെ ധര്‍മേന്ദ്രയുടെ ആദ്യത്തെ വീട്ടിലായിരുന്നു ചികിത്സ. അദ്ദേഹത്തെ കാണാനും ആദരവ് അര്‍പ്പിക്കാനും ആഗ്രഹിച്ച ഇഷ സഹോദരന്‍ സണ്ണി ഡിയോളിനെ സമീപിച്ചു.
ഹേമ മാലിനിയുടെ ജീവചരിത്രമായ 'ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍' എന്ന പുസ്തകത്തില്‍ ഇഷ ഡിയോള്‍ ആ നിമിഷം ഓര്‍ത്തെടുക്കുന്നുണ്ട്. ''എനിക്ക് എന്റെ അമ്മാവനെ കാണുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്യണമായിരുന്നു. അദ്ദേഹത്തിന് എന്നെയും അഹാനയെയും വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ അഭയിയുമായും വളരെ അടുപ്പത്തിലായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അവിടെ പോയി കാണാമായിരുന്നു. അതിനാല്‍ ഞാന്‍ സണ്ണി ഭയ്യയെ വിളിച്ചു, അദ്ദേഹത്തെ കാണാനുള്ള എല്ലാ ക്രമീകരണങ്ങളും അവര്‍ ചെയ്തു തന്നു.'-ഇഷ പറയുന്നു.
ആ സന്ദര്‍ശനത്തിലാണ് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷ അച്ഛന്റെ ആദ്യ ഭാര്യ പ്രകാശ് കൗറിനെ ആദ്യമായി കാണുന്നത്. 'ഞാന്‍ അവരുടെ കാല്‍തൊട്ട് വന്ദിച്ചു, അവര്‍ എന്നെ അനുഗ്രഹിച്ചു.' ഇഷ പറയുന്നു.
ധര്‍മേന്ദ്ര തന്റെ രണ്ട് കുടുംബങ്ങള്‍ക്കും സ്‌നേഹവും ബഹുമാനവും ഉറപ്പാക്കിയിരുന്നെങ്കിലും ഇരു കുടുംബങ്ങളും പരസ്പരം അകലം പാലിച്ചിരുന്നു. സണ്ണി ഡിയോളും ബോബി ഡിയോളും ഇഷ ഡിയോളിന്റെയും അഹാന ഡിയോളിന്റെയും വിവാഹങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അതുപോലെ ധര്‍മേന്ദ്രയുടെ ചെറുമകന്‍ കരണ്‍ ഡിയോളിന്റെ വിവാഹത്തില്‍ ഹേമ മാലിനിയും പങ്കെടുത്തില്ല.
ധര്‍മേന്ദ്രയുടെ മരണത്തെ തുടര്‍ന്ന് ഡിയോള്‍ കുടുംബം ഇന്നലെ ഒരു പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചു. അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഹേമ മാലിനിയും പെണ്‍മക്കളും ചടങ്ങിന് എത്തിയിരുന്നില്ല. പകരം അവര്‍ ഹേമയുടെ മുംബൈയിലെ വസതിയില്‍ പ്രാര്‍ഥനായോഗം നടത്തി.
Content Highlights: when esha deol visited dharmendras house first time in 30 years
Published: 29 Nov 2025, 02:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented