പല സെലിബ്രിറ്റികളുടേയും വിവാഹത്തിന് ഫോട്ടോഗ്രഫി ചെയ്തത് ജോസഫ് രാധിക് ആണ്. പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്, കത്രീന കൈഫ്-വിക്കി കൗശല്‍, നയന്‍താര-വിഘ്‌നേഷ് ശിവന്‍, വിരാട് കോലി-അനുഷ്‌ക ശര്‍മ എന്നിവരുടേയും വിവാഹ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നില്‍ ജോസഫ് രാധികും അദ്ദേഹത്തിന്റെ കമ്പനി സ്റ്റോറീസ് ബൈ ജോസഫ് രാധികുമാണ്. ഈ വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെയ്കക്കുകയാണ് ജോസഫ് രാധിക്. 

To advertise here,

അതില്‍ ഏറ്റവും രസകരം പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹസമയത്തുണ്ടായ ഒരു സംഭവമാണ്. അന്ന് നിക്ക് പോപ്പ് ഗായകനാണെന്നും അദ്ദേഹത്തിന് മ്യൂസിക് ബാന്‍ഡുണ്ടെന്നുമുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ജോസഫ് രാധിക് പറയുന്നു. പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിണീതി ചോപ്രയാണ് തനിക്ക് അക്കാര്യം മനസിലാക്കി തന്നതെന്നും ജോസഫ് വെളിപ്പെടുത്തി. 

'ജുമാന്‍ജിയെ അഭിനേതാവ് എന്ന നിലയില്‍ മാത്രമേ എനിക്ക് നിക്കിനെ അറിയുമായിരുന്നുള്ളു. അദ്ദേഹം ഗായകനാണെന്ന് മനസിലാക്കിയത് അവരുടെ വിവാഹസമയത്താണ്. മെഹന്ദി ചടങ്ങിനിടെ ജൊനാസ് കുടുംബം പാട്ട് പാടാന്‍ തുടങ്ങി. അതുകേട്ട് ഞാന്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു...'നോക്കൂ, അവര്‍ക്ക് പാട്ട് പാടാന്‍ കഴിയും'. ഞാന്‍ തമാശ പറയുകയാണെന്ന് കരുതി പ്രിയങ്ക പൊട്ടിച്ചിരിച്ചു. എനിക്ക് നിക്കിനെ കുറിച്ച് അറിയില്ലെന്ന മനസിലാക്കിയ പരിണീതി അവരുടെ കുടുംബത്തേയും സംഗീത ബാന്‍ഡിനേയും കുറിച്ച് പരിചയപ്പെടുത്തിത്തന്നു.

അന്ന് നിക്ക് ആരാണെന്ന് മനസിലാക്കാതിരുന്നത് എന്റെ വലിയ വീഴ്ച്ചയാണെന്ന് ഞാന്‍ കരുതുന്നു. തെറ്റായ കാലഘട്ടത്തിലാണ് ഞാന്‍ വളര്‍ന്നത്. ടെലിവിഷന്‍ അധികം കാണാനുള്ള അവസരം എനിക്കില്ലായിരുന്നു. ദൂരദര്‍ശന്‍ മാത്രമായിരുന്നു ആശ്രയം. പ്രിയങ്കാ ചോപ്രയെ എനിക്ക് നന്നായി അറിയാമായിരുന്നു. അവരെ ഞാന്‍ ആരാധിക്കുകയും ചെയ്തിരുന്നു. 

വര്‍ഷങ്ങളായി ഞാന്‍ ഒരുപാട് സെലിബ്രിറ്റികളെ അടുത്ത് കാണുകയും അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാനൊരു സെലിബ്രിറ്റി ആണെന്ന് തോന്നിയിട്ടുള്ളത് പ്രിയങ്ക-നിക്ക് വിവാഹവേളയില്‍ മാത്രമാണ്. അവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല. സ്വയം നുള്ളി നോക്കിയാണ് ഞാന്‍ അത് എന്നെത്തന്നെ ബോധ്യപ്പെടുത്തിയത്.

അവരുടെ വിവാഹശേഷവും നിരവധി ആഘോഷങ്ങളില്‍വെച്ച് അവരെ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും വിശേഷങ്ങള്‍ പങ്കിടുകയും ചെയ്യും. വളരെ ഹൃദ്യമായ ആളുകളാണ് അവര്‍. നിക്കിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പഞ്ചാബികളെപ്പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവര്‍ വലിയ ആഘോഷങ്ങള്‍ നടത്തുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. എപ്പോഴും വലിയ ഊര്‍ജ്ജത്തോടെയാണ് അവരെ കണ്ടിട്ടുള്ളത്. ശരിക്കും പഞ്ചാബികളുടെ അതേ പ്രകൃതം. അവര്‍ വിദേശികളാണെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമാണ്.'-ജോസഫ് രാധിക് പറയുന്നു.

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലായിരുന്നു പ്രിയങ്കയ്ക്ക്. ഇത് വിവാഹസമയത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 2022-ല്‍ ഇരുവര്‍ക്കും മകള്‍ പിറന്നു.