കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയാകുന്നു, മകൾക്ക് കാഴ്ചയിൽ താനുമായോ തന്റെ ഭാര്യയുമായോ സാദൃശ്യമില്ല. വിയറ്റ്നാം സ്വദേശിയായ പിതാവിനുണ്ടായ ഈ തോന്നലുകള്‍ നയിച്ചത് മകളുടെ ഡി.എന്‍.എ. പരിശോധനയിലേക്കായിരുന്നു. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയില്‍ ഇതുവരെ വളര്‍ത്തിയത് സ്വന്തം മകളെയല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. ഭാര്യയെ കുറ്റപ്പെടുത്തി. ഇതോടെ മകളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍, മറ്റൊരിടത്ത് മകളുമായി താമസിക്കുന്നതിനിടെ മാതാവും ആ സത്യം മനസിലാക്കി. ഇത് തന്റെ മകളല്ലെന്ന് മാതാവും തിരിച്ചറിഞ്ഞത് ഒരു ഡി.എന്‍.എ. പരിശോധനയിലൂടെയായിരുന്നു.
സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് സിനിമാക്കഥകളെപ്പോലും വെല്ലുന്ന, വിയറ്റ്നാമിലെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകള്‍ക്ക് തന്റെയോ തന്റെ ഭാര്യയുടെയോ രൂപസാദൃശ്യമില്ലെന്ന വിയറ്റ്നാം സ്വദേശിയുടെ സംശയമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ സംഭവിച്ച ഗുരുതരവീഴ്ചയുടെ ചുരുളഴിച്ചത്. കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയായതും തന്റെ രൂപസാദൃശ്യമില്ലാത്തതും ഇദ്ദേഹത്തിന്റെ സംശയം വര്‍ധിപ്പിച്ചിച്ചിരുന്നു. ഇതോടെ മകളുടെ ഡി.എന്‍.എ. പരിശോധന നടത്താന്‍ തീരുമാനിച്ചു. പ്രസവസമയത്ത് കുട്ടികള്‍ മാറിപ്പോയതാണെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇതോടെ ഇവർക്കുമുന്നിൽ വെളിപ്പെട്ടത്.
ഡി.എന്‍.എ. പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവ് താന്‍ അല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ മറ്റൊരുബന്ധമുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തി. എന്നാല്‍, ഭാര്യ ഇത് അംഗീകരിച്ചില്ല. അതേസമയം, ഭാര്യ തന്നെ ചതിച്ചെന്ന തോന്നലില്‍ ഇദ്ദേഹം മദ്യപിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായി. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ ഭാര്യ മകളെയും കൂട്ടി വിയറ്റ്നാമിലെ തന്നെ ഹനോയിയിലേക്ക് താമസം മാറ്റി. മകളെ ഇവിടെ പുതിയ സ്കൂളിലും ചേര്‍ത്തു.
സ്കൂളില്‍വെച്ച് ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. ഇരുവരുടെയും ജന്മദിനവും ജനനസ്ഥലവും ഒന്നാണെന്നതായിരുന്നു മറ്റൊരു സവിശേഷത. ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായതോടെ രണ്ടുപേരുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കാന്‍ കൂട്ടുകാരിയുടെ മാതാവ് തീരുമാനിച്ചു. തുടര്‍ന്ന് ജന്മദിനാഘോഷത്തിന് മകളുടെ കൂട്ടുകാരിയെയും ഇവര്‍ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍, മകളുടെ കൂട്ടുകാരിയെ കണ്ട് ഇവര്‍ അക്ഷാര്‍ഥത്തില്‍ ഞെട്ടി. തന്റെ കൗമാരക്കാലത്തെ അതേ രൂപമായിരുന്നു മകളുടെ കൂട്ടുകാരിക്കും. തുടര്‍ന്ന് സംശയം തോന്നിയതോടെ ഇരുകുടുംബങ്ങളും ഡി.എന്‍.എ. പരിശോധനയ്ക്ക് തയ്യാറായി. ഈ പരിശോധനയിലാണ് പ്രസവാനന്തരം കുട്ടികള്‍ പരസ്പരം മാറിപ്പോയതെന്നാണെന്ന് വ്യക്തമായത്.
ഡി.എന്‍.എ. പരിശോധനയിലെ കണ്ടെത്തല്‍ രണ്ടുകുടുംബങ്ങള്‍ക്കും ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഇരുകുടുംബങ്ങളും ഇതുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുവരികയാണെന്നും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ എങ്ങനെ സത്യം പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം, പ്രസവസമയത്ത് ഗുരുതര അനാസ്ഥ കാണിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: vietnam man takes daughter's dna test and finally they found daughter was swapped at birth
Published: 11 Nov 2024, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented