
'ഇനി ചൈല്‍ഡ് സൈക്കോളജിയില്‍ പിജി ചെയ്യണം.' ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈയില്‍ പിടിച്ചുകൊണ്ട് വത്സല ടീച്ചര്‍ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞു. അതും മകള്‍ അധ്യാപികയായിരിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ തന്നെ ബിരുദാനന്തരബിരുദത്തിന് ചേരണമെന്നാണ് ടീച്ചറുടെ ആഗ്രഹം. ഭര്‍ത്താവ് അരവിന്ദാക്ഷനും തുടര്‍പഠനം നടത്താന്‍ തന്നെയാണ് പദ്ധതി. ഇരുവര്‍ക്കും പൂര്‍ണപിന്തുണയുമായി മക്കളായ ശ്രീദേവിയും ശ്രീരാജും കട്ടയ്ക്ക് കൂടെയുണ്ട്.
ഈ 'കോളേജ് സ്റ്റുഡന്റ്‌സി'ന് രണ്ടുപേര്‍ക്കും പ്രായം 60-ന് മുകളിലാണ്. സാഹചര്യങ്ങള്‍ കാരണം ഇരുവർക്കും പഠനം പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു. തങ്ങള്‍ക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കണമെന്ന നിശ്ചയദാര്‍ഢ്യം എല്ലാ കഷ്ടപ്പാടുകളേയും തരണം ചെയ്ത് രണ്ടുമക്കളേയും ഉയര്‍ന്ന നിലകളിലെത്തിച്ചു. മകള്‍ ശ്രീദേവി പി. അരവിന്ദ് മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറും മകന്‍ ശ്രീരാജ് പി. അരവിന്ദ് കിഫ്ബിയില്‍ എഞ്ചിനീയറുമാണ്.
മക്കള്‍ നല്ലനിലയിലെത്തിയശേഷമാണ് ഇരുവരുടേയും മനസില്‍ പഠിക്കണമെന്ന ആഗ്രഹം മുളപൊട്ടിയത്. അങ്ങനെ പ്ലസ് ടു എഴുതിയെടുത്തു. തുടർന്നാണ് ഡിഗ്രിക്ക് ചേർന്നത്. അച്ഛനേയും അമ്മയേയും ഡിഗ്രിക്ക് ചേര്‍ക്കാനായി കേരളവര്‍മ കോളേജിലേക്ക് കൊണ്ടുപോയത് മകള്‍ ശ്രീദേവിയാണ്. ബിഎ മലയാളമായിരുന്നു വിഷയം. 'ഇനിയിപ്പൊ പഠിച്ചിട്ടെന്തിനാ' എന്ന് ചോദിച്ച് പലരും കളിയാക്കിയെങ്കിലും അറിവിനോടുള്ള അഭിനിവേശം അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാന്‍ ഇരുവരേയും പ്രേരിപ്പിച്ചു.
ഡിഗ്രി പഠനത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ അരവിന്ദാക്ഷന് തലയ്ക്ക് പരിക്കേറ്റു. ഇതും മറികടന്നാണ് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയത്. രോഗിയായ തന്റെ അമ്മയെ വീട്ടിലും ആശുപത്രിയിലുമെല്ലാമായി പരിചരിച്ചുകൊണ്ടായിരുന്നു വത്സലയുടെ പഠനം.
30 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം കഴിഞ്ഞവര്‍ഷമാണ് വത്സല ടീച്ചര്‍ അങ്കണവാടിയില്‍ നിന്ന് വിരമിച്ചത്. വലിയ യാത്രയയപ്പാണ് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് നാട് നല്‍കിയത്. മൂന്നുപതിറ്റാണ്ടിലേറെ അങ്കണവാടിയിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചതുകൊണ്ടാണ് കുട്ടികളുടെ സൈക്കോളജിയില്‍ പിജി ചെയ്യണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നത്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്റെ സഹോദരി കൂടിയാണ് വത്സല.
അച്ഛനും അമ്മയും ഡിഗ്രി പാസായതിനെ കുറിച്ച് ശ്രീദേവി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. ഇരുവരും സര്‍ട്ടിഫിക്കറ്റും കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ശ്രീദേവിയുടെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. രണ്ടുപേരെയും അഭിനന്ദിച്ചുകൊണ്ട് ഒട്ടേറെ പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
ശ്രീദേവിയുടെ കുറിപ്പ്
ലോകത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഈ ഫോട്ടോ... അച്ഛനും അമ്മയും ഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസ്സായി .... 60 വയസ് കഴിഞ്ഞു രണ്ടാള്‍ക്കും . ആദ്യം Plus two ഇപ്പോ ഡിഗ്രിയും. കഷ്ടപ്പാട്ടുകള്‍ മാത്രം മുതല്‍കൂട്ടായി ഉണ്ടായ രണ്ടാളാണ്. സിനിമയാക്കിയാല്‍ ആരും വിശ്വസിക്കില്ല. സിനിമയെ വെല്ലുന്ന ജീവിതമാണ്. കിടപ്പാടം കൂടി നഷ്ടപ്പെട്ട് , വര്‍ഷങ്ങള്‍ ജീവിച്ച നാടും വിട്ട് പോന്നപ്പോള്‍ ജീവതത്തില്‍ ഇനി സന്തോഷങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.
അച്ഛന് ഒരു ആക്‌സിഡന്റ് പറ്റി തലക്ക് പരിക്കേറ്റിരിക്കുന്ന കാലത്താണ് ഡിഗ്രി. അമ്മമ്മയൊടൊപ്പം ഹോസ്പിറ്റലും വീടുമായി നടക്കുന്ന കാലമാണ് അമ്മയുടേത്.
എല്ലാറ്റിനിടയിലും പഠിച്ച് മിടുക്കരായി ഈ കുട്ടികള്‍.. മക്കളെ കുറിച്ച് അഭിമാനം കൊള്ളുന്ന അച്ഛന്‍ അമ്മമാര്‍ ഉണ്ടാവാം. എന്നാല്‍ മക്കളെ Proud ആക്കിയവരാണ് ഇവര്‍... Love you Amma and Achan....ummmmma
Content Highlights: Valsala and Aravindakshan earned degree after 60 with first class
Published: 20 Sept 2025, 03:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented