പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിൻ്റെ വിവാഹനിശ്ചയ വാർത്തക്കിടയിൽ യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണവും ശ്രദ്ധനേടുകയാണ്. ഫുട്ബോൾ താരം ട്രാവിസ് കെൽസിയുമായുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിട്ട് മണിക്കൂറുകള്‍ മാത്രമേ ആകുന്നുള്ളൂ. 'ടെറിഫിക് പേഴ്സൺ' എന്ന്  സ്വിഫ്റ്റിനെ വിശേഷിപ്പിച്ച ട്രംപ് ആശംസകൾ നേരാനും മറന്നില്ല.  

To advertise here,

'അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു, അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. നല്ല വ്യക്തിയുമാണെന്നും കരുതുന്നു. അവരൊരു (ടെയിലർ സ്വിഫ്റ്റ്) മികച്ച വ്യക്തിയാണ്.  എല്ലാവിധ ആശംസകളും നേരുന്നു'- കാബിനറ്റ് അംഗങ്ങളുമായി നിർണായക കൂടിക്കാഴ്ച നടത്തുന്നതിനിടെ ട്രംപ് പ്രതികരിച്ചു. 

നിങ്ങൾ ഈ മീറ്റിങ്ങിലിരിക്കുമ്പോഴാണ് ഈ വർഷത്തെ പോപ് കൾച്ചർ വാർത്ത പുറത്തുവരുന്നത് എന്ന് റിപ്പോർട്ടർ അറിയിച്ചപ്പോഴായിരുന്നു ട്രംപിൻ്റെ പ്രതികരണം. 'ഞാൻ ടെയ്‌ലർ സ്വിഫ്റ്റിനെ വെറുക്കുന്നു' എന്ന്‌ 2024 സെപ്റ്റംബർ 15ന് ട്രംപ് സമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ആശംസ സ്വിഫ്റ്റ് ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു.

2024 സെപ്റ്റംബറിൽ സ്വിഫ്റ്റ് മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണച്ചതോടെയാണ് ട്രംപ് ടെയ്‌ലര്‍ സ്വിഫ്റ്റിനെതിരെ തിരിഞ്ഞത്‌.  2020-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വിഫ്റ്റ് മുൻ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചിരുന്നു. ഈ വർഷം ആദ്യവും സ്വിഫ്റ്റിനോടുള്ള തൻ്റെ താത്പര്യക്കുറവിനെ കുറിച്ച് ട്രംപ് കുറിച്ചിരുന്നു. 

ആരാധകരെ ഞെട്ടിച്ച സ്വിഫ്റ്റിൻ്റെ പോസ്റ്റ്

ഫുട്ബോൾ താരവുമായുള്ള തന്റെ വിവാഹനിശ്ചയം മനോഹരമായ ചിത്രങ്ങളോടെ ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ സ്വിഫ്റ്റ് പ്രഖ്യാപിച്ചത്. 35 വയസ്സുകാരായ ഇരുവരുടേയും വിവാഹം എന്നാണെന്ന് അവര്‍ പങ്കുവെച്ചിട്ടില്ല. 2023-ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്.

2023 സെപ്റ്റംബറിൽ കെൽസിയുടെ മത്സരം കാണാൻ സ്വിഫ്റ്റ് എത്തിയതോടെയാണ് ബന്ധം പരസ്യമായത്.