ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് യുവതാരമാണ് ടൈഗർ ഷ്റോഫ്. സ്‌ക്രീനിൽ വില്ലന്മാരെ അടിച്ചുപറപ്പിക്കുന്ന ടൈഗറിന് യഥാർഥജീവിതത്തിൽ പേടിയുള്ള ഒരു കാര്യമുണ്ട് - വിമാനയാത്ര. കേൾക്കുന്നവർ ചിരിച്ചേക്കാമെങ്കിലും വിമാനയാത്രയോടുള്ള തന്റെ ഭയം തുറന്നുപറയുകയാണ് താരം. അതിനുള്ള കാരണവും ടൈഗർ ഷ്റോഫ് വിശദീകരിച്ചു. 

To advertise here,

'ഏറ്റവും ദുഷ്‌കരമായ ആക്ഷൻ ചെയ്യാൻ എന്നോട് പറയൂ. ഗ്രാൻഡ് ഹയാത്തിന്റെ മുകളിൽ നിന്ന് താഴെ സ്വിമ്മിങ് പൂളിലേക്ക് ചാടാൻ പറയൂ. ഒരുനിമിഷം ചിന്തിക്കാതെ ഞാനത് ചെയ്യാം. എന്നാൽ വിമാനയാത്രയ്ക്ക് പത്ത് ദിവസം മുമ്പ് തന്നെ എന്റെ ഹൃദയം നിലയ്ക്കും!' -ടൈഗർ ഷ്റോഫ് പറഞ്ഞു.

'അടുത്തിടെയാണ് എനിക്ക് വിമാനയാത്രകളോട് പേടിതോന്നിത്തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് അതിന് കാരണം. വലിയ ടർബുലൻസാണ് ആ യാത്രയിലുണ്ടായത്. അതിന് ശേഷമാണ് എനിക്ക് എയ്‌റോഫോബിയ (വിമാനയാത്രയോടുള്ള അകാരണമായ ഭയം) തുടങ്ങിയത്.' -ടൈഗർ ഷ്റോഫ് തുടർന്നു.

ഈ ഭയത്തെ മറികടക്കാൻ വർക്കൗട്ടുകളെയാണ് താൻ ആശ്രയിക്കാറെന്നും ടൈഗർ പറയുന്നു. അതാണ് തന്റെ തെറാപ്പി. വിശ്രമിക്കാതെ വർക്കൗട്ട് ചെയ്യുന്നത് വിലക്കാൻ തന്റെ ട്രെയിനർമാർ ശ്രമിക്കാറുണ്ട്. നല്ല ശരീരമുണ്ടാകാൻ വിശ്രമവും അത്യാവശ്യമാണ്. പക്ഷേ തനിക്ക് അതിന് കഴിയാറില്ല. മനശാസ്ത്രപരമായ കാര്യമാണ് ഇതെന്നാണ് കരുതുന്നതെന്നും ടൈഗർ ഷ്റോഫ് പറഞ്ഞു.

എന്താണ് ടർബുലൻസ്?

വിമാനങ്ങൾ അന്തരീക്ഷത്തിലൂടെ പറക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കങ്ങളാണ് ടർബുലൻസ് എന്നറിയപ്പെടുന്നത്. പലകാരണങ്ങളാലുള്ള വായുവിന്റെ ചലനങ്ങളാണ് ടർബുലൻസിന് കാരണം. കാറ്റിന്റെ ദിശയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, താപനിലാ വ്യതിയാനം, ഇടിമിന്നലിന് കാരണമാകുന്ന മേഘങ്ങൾ, പർവതങ്ങൾ എന്നിവയെല്ലാം ടർബുലൻസിന് കാരണമാണ്. ശക്തമായ ടർബുലൻസിനെ പോലും പ്രതിരോധിക്കുന്ന തരത്തിലാണ് ആധുനിക വിമാനങ്ങൾ നിർമിക്കുന്നത് എന്നതിനാൽ ടർബുലൻസിനെ ഭയപ്പെടേണ്ട ആവശ്യമില്ല. എങ്കിലും കാബിൻ ക്രൂവിന്റെ നിർദേശം ലഭിക്കുമ്പോൾ സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കണം.