കല്പറ്റ: ചുമർച്ചിത്രങ്ങൾ വരച്ചും മുളന്തണ്ടുകൾ ക്രാഫ്റ്റ് ചെയ്തും ജീവിതം കളറാക്കുകയാണ് കുടുംബശ്രീ സംരംഭകയായ സൂര്യാസുജിത്. കലയും കരകൗശലവും ഇഷ്ടപ്പെടുന്ന സൂര്യയ്ക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹമാണ് കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചവർണയെന്ന സംരംഭത്തിലൂടെ പൂർണതയിലെത്തുന്നത്. പൂതാടി ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാർഡിൽ രൂപവത്കരിച്ച ഹസ്തകല എന്ന കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങളാണ് പഞ്ചവർണയ്ക്ക് ജീവൻ നൽകുന്നത്.

To advertise here,

ഇഷ്ടപ്പെട്ട മേഖലയിൽ ജോലി എന്നതായിരുന്നു എന്നും സൂര്യയുടെ സ്വപ്നം. ആ കാലഘട്ടത്തിലാണ് തിരുവനന്തപുരത്തു നിന്ന്‌ മ്യൂറൽ പെയിന്റിങ് പഠിപ്പിക്കാനായി ആചാര്യൻ അരീക്കോട് മാഷും ഭാര്യയും വയനാട്ടിലെത്തുന്ന വിവരം പത്രങ്ങളിൽ വായിച്ചത്. തുടർന്ന് ക്ലാസിൽ പങ്കെടുത്തതോടെയാണ് തനിയ്ക്ക് എന്തുകൊണ്ട് ചിത്രങ്ങൾ ചെയ്തുകൂടാ എന്ന ചിന്തയിലെത്തിയത്.

അന്നുമുതൽ മുളയിൽ മ്യൂറൽ പെയിന്റിങ് ചെയ്തുതുടങ്ങി. പിന്നീട് സാരി, കാൻവാസ് തുടങ്ങി മറ്റു വസ്തുക്കളിലും പെയിന്റിങ് തുടങ്ങി. വിവാഹത്തിനുശേഷം സംരംഭം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിനടുത്തുള്ള കുറച്ചു വനിതകളെ കണ്ടെത്തി അവരെ പെയിന്റിങ് പഠിപ്പിച്ചു. കൂടെ കൂട്ടിയവർക്ക് പെയിന്റ് ബ്രഷ് പിടിക്കാൻപോലും അന്ന് അറിയില്ലായിരുന്നു. സൂര്യയുടെ നിശ്ചയദാർഢ്യവും പ്രചോദനാത്മകമായ ഇടപെടലും താങ്ങായി മാറിയപ്പോൾ സഹയാത്രികർ വേഗത്തിൽ പഠനം പൂർത്തിയാക്കി ഒപ്പം ചേർന്നു.

ഇതിന് പിന്നാലെ 10 പേർ ചേർന്ന് ഹസ്തകല എന്ന പേരിൽ 2013-ൽ കുടുംബശ്രീ യൂണിറ്റ് രൂപവത്കരിച്ചു. കുടുംബശ്രീ മുഖേന ആദ്യഘട്ടത്തിൽ രണ്ടരലക്ഷം രൂപ വായ്പയെടുത്ത് പ്രവർത്തനം കാര്യക്ഷമമാക്കി. സംരംഭം പരിപോഷിപ്പിക്കുന്നതിന് രണ്ടാംഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ കൂടി വായ്പയെടുത്തു. ഇതിൽ 50,000 രൂപയുടെ സബ്സിഡി ലഭിക്കുകയും ചെയ്തു. തുടർന്ന് കുടുംബശ്രീ മുഖേന ഇനവേഷൻ ഫണ്ടായി 1.25 ലക്ഷംകൂടി അനുവദിച്ചു. നിലവിൽ കുടുംബശ്രീ മിഷനും ബാംബൂ മിഷനും ചേർന്ന് 7.25 ലക്ഷം രൂപ പഞ്ചവർണ സംരംഭത്തിന് ഗ്രാന്റായി അനുവദിച്ചു. പൂതാടി, മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൃക്കെെപ്പറ്റയിലും പൂതാടിയിലെയും സ്വന്തം കെട്ടിടങ്ങളിലാണ് പഞ്ചവർണയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

രണ്ട് പേരുമായി തുടങ്ങിയ പഞ്ചവർണയിൽ ഇന്ന് 20 പേർ ഉപജീവനമാർഗം കണ്ടെത്തുന്നു. ഗോത്ര മേഖലയിലെ തനത് ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഉറിയെന്ന പേരിലുള്ള യുട്യൂബ് ചാനൽ, മുള ഉത്പന്നങ്ങൾ കൊണ്ടുള്ള സംഗീതോപകരണങ്ങളുടെ നിർമാണം, ചെരിപ്പ് നിർമാണം, പരമ്പരാഗത നൃത്തരൂപങ്ങൾ ആലേഖനം ചെയ്ത് മുളയിൽ തീർക്കുന്ന മാസ്‌ക് നിർമാണം എന്നിവയും പഞ്ചവർണയിലുണ്ട്. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മുളഞ്ചെടികൾ നട്ടുവളർത്തി സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇവരുടെ ബാംബൂ ക്രാഫ്റ്റിങ് സംരംഭം നൽകുന്നത്.