ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചത് വലിയ വാർത്തയായിരുന്നു. സ്മൃതിയുടെ അച്ഛൻ ആശുപത്രിയിലായതാണ് വിവാഹം മാറ്റിവെക്കാൻ കാരണമെന്നാണ് തുടക്കത്തിൽ വന്ന വാർത്തകൾ. പിന്നാലെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സ്മൃതിയെ വഞ്ചിക്കുകയായിരുന്നു എന്നതടക്കമുള്ള അഭ്യൂഹങ്ങളും പരന്നു. ഇപ്പോഴിതാ, വിവാഹം വേണ്ടെന്നുവെച്ചതായി സ്ഥിരീകരിച്ച് സ്മൃതി മന്ദാന തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും, ഈ വിവാഹം വേണ്ടെന്നുവെച്ചതായി വ്യക്തമാക്കുന്നു.
ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിച്ച് സ്വന്തം രീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു.
നമ്മെ എല്ലാവരെയും നയിക്കുന്നത് ലക്ഷ്യമാണ്. എന്നെ സംബന്ധിച്ച് അത് എപ്പോഴും രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു. ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി', സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായെന്നും വിവാഹം മാറ്റിവച്ചുവെന്നും റിപ്പോർട്ട് വന്നത്. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്മൃതിയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാഷിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും പലാഷ് വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും പലാഷിന്റെ അമ്മ കൂട്ടിച്ചേർത്തിരുന്നു.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് പലരിലും സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.
Content Highlights: Smriti Mandhana officially addressed circulating rumors about her alleged wedding with music director Palash Muchhal.
Published: 07 Dec 2025, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented