ബോളിവുഡ് താരമെന്ന നിലയില്‍ മാത്രമല്ല ബിസിനസുകാരി എന്ന നിലയിലും പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് ശില്പ ഷെട്ടി കുന്ദ്ര. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ ശില്പ പ്രധാന പങ്കുവഹിക്കുന്നു. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെയാണ് ഇപ്പോള്‍ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്.

To advertise here,

ബെംഗളൂരുവിലെ സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെയാണ് പോലീസ് കേസെടുത്തത്. അനുവദനീയമായ സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചെന്നും നിയമങ്ങള്‍ ലംഘിച്ച് രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ നടത്തിയെന്നും കാണിച്ചാണ് കേസ്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കര്‍ണാടക പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 1:30 വരെ റസ്റ്ററന്റ് തുറന്നുപ്രവര്‍ത്തിച്ചെന്നാണ് പറയുന്നത്. നിയമങ്ങള്‍ ലംഘിച്ചതിന് സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബാസ്റ്റ്യന്‍ കൂടാതെ റസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന സോര്‍ ബെറി പബ്ബിനെതിരെയും കേസെടുത്തിട്ടുണ്ട്.

2015 മുതല്‍ 2023 വരെ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60 കോടി നിക്ഷേപിക്കാന്‍ ശില്പ ഷെട്ടിയും രാജ് കുന്ദ്രയും ചേര്‍ന്ന് പ്രേരിപ്പിക്കുകയും നിക്ഷേപിച്ച തുക അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാല്‍ വഞ്ചിക്കപ്പെട്ടെന്നും കാണിച്ച് ദീപക് കോത്താരി എന്നയാള്‍ നല്‍കിയ കേസ് ശില്പയ്ക്കും ഭര്‍ത്താവിനുമെതിരെ നിലനില്‍ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം അവസാനമാണ് ഗോവയില്‍ ബാസ്റ്റ്യന്‍ റിവിയേര എന്ന പേരില്‍ ശില്പ റിസോര്‍ട്ട് ആരംഭിച്ചത്. ഇതുകൂടാതെ ബാന്ദ്രയിലെ ബാസ്റ്റ്യന്‍  ദക്ഷിണേന്ത്യന്‍ രീതിയിലുള്ള റസ്റ്ററന്റായി 'അമ്മക്കൈ' എന്ന പേരില്‍ ജുഹുവില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.