ഗൗരി ഖാനുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായി താമസിച്ച വീട് സ്വന്തമാക്കി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ദക്ഷിണ ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിലെ വീടാണ് ഷാരൂഖ് സ്വന്തമാക്കിയത്. തനിക്ക് വൈകാരികമായി അടുപ്പമുള്ള വീട് സ്വന്തമാക്കാനായി 37 കോടി രൂപയാണ് താരം ചെലവഴിച്ചതെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.

To advertise here,

അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റും ഒന്നാം നിലയും നേരത്തേ തന്നെ ഷാരൂഖ് ഖാൻ വാങ്ങിയിരുന്നു. ബാക്കിയുള്ള രണ്ട് നിലകൾ കൂടി വാങ്ങിയതോടെ കെട്ടിടം പൂർണമായി ഷാരൂഖിന് സ്വന്തമായി. 10,800 ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടമാണ് ഇത്. ചതുരശ്ര അടിക്ക് 34,260 രൂപ വീതം നൽകിയാണ് ഷാരൂഖ് ഖാൻ തന്റെ ഗൃഹാതുര സ്മരണകളുള്ള ഇടം സ്വന്തമാക്കിയത്.

1991 ഒക്ടോബർ 25-നാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായത്. ഇതിന് ശേഷം മുംബൈയിലേക്ക് പോകും വരെ ഇരുവരും താമസിച്ചത് ഇപ്പോൾ വാങ്ങിയ വീട്ടിലായിരുന്നു. ഷാരൂഖും ഗൗരിയും ഡൽഹിയിലാണ് ജനിച്ചുവളർന്നത്. പിന്നീട് അഭിനയമെന്ന സ്വപ്‌നത്തിന് പിന്നാലെയാണ് ഇരുവരും മുംബൈയിലേക്ക് മാറിയതും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തത്. ഡൽഹിയിലെ വീടിന്റെ മുക്കിലും മൂലയിലും നിറയെ ഓർമകളാണെന്ന് മുമ്പൊരിക്കൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.