പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തി വാര്‍ത്തകളിൽ ഇടംനേടിയ സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദര്‍-സച്ചിന്‍ മീണ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്.

To advertise here,

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ കൃഷ്ണ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് സീമ ഹൈദര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും അടുത്ത കുടുംബസുഹൃത്തായ അഡ്വ. എ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

Also Read: ഓര്‍മയില്ലേ സീമ ഹൈദറിനെ? ഇപ്പോള്‍ ഗര്‍ഭിണി, ആറ് യൂട്യൂബ് ചാനലുകള്‍; മാസം ഒരുലക്ഷം രൂപവരെ വരുമാനം

അതിനിടെ, മകള്‍ക്ക് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കാനാണ് കുടുംബത്തിന്റെ ആലോചനയെന്നും സൂചനയുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ കണ്ടന്റ് ക്രിയേറ്റര്‍മാരായ സീമയും സച്ചിനും പ്രേക്ഷകര്‍ നിര്‍ദേശിക്കുന്ന പേരുകളില്‍നിന്നാകും മകള്‍ക്കുള്ള പേര് തിരഞ്ഞെടുക്കുകയെന്നാണ് സൂചന. ഇതും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 

അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇവരുടെ പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. രണ്ടുവര്‍ഷം മുന്‍പ് ദേശീയമാധ്യമങ്ങളിലടക്കം സീമ ഹൈദര്‍ നിരന്തരം വാര്‍ത്തയാവുകയുംചെയ്തിരുന്നു. 

Also Read: സച്ചിനാണ് തന്റെ ഭര്‍ത്താവ്, നാലുകുട്ടികളും പിതാവായി അദ്ദേഹത്തെ സ്വീകരിച്ചു- പാകിസ്താനി യുവതി

നോയിഡ സ്വദേശി സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദര്‍ നാലുകുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്നവിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുംചെയ്തു. തുടര്‍ന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു. 

Also Read: 'സീമ ബീഡിവലിക്കുന്നത് സച്ചിന് ഇഷ്ടമല്ല, മര്‍ദിച്ചിരുന്നു'; ഇന്ത്യയിലെ കൂടുതല്‍പേരുമായി പബ്ജി വഴി ബന്ധം

അതിര്‍ത്തികള്‍ ഭേദിച്ചുള്ള പബ്ജി പ്രണയത്തിലൂടെ വാര്‍ത്തകളിലിടം നേടിയ സീമ ഹൈദര്‍ ഇപ്പോള്‍ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്ക്കൊപ്പം സച്ചിനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാനവരുമാനമാര്‍ഗവും സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ്. 

സീമ ഹൈദറിനും ഭര്‍ത്താവ് സച്ചിനും നിലവില്‍ ആറ് യൂട്യൂബ് ചാനലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദമ്പതിമാരുടെ പ്രധാന ചാനലിന് മാത്രം ഒരുമില്യണിലേറെ സബ്സ്‌ക്രൈബേഴ്സുണ്ട്. ഫാമിലി വ്ളോഗ്, ഡെയ്ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. അടുത്തിടെ സീമ ഗര്‍ഭിണിയായതോടെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. നിലവില്‍ വീഡിയോ വ്യൂസ്, ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നിവയെല്ലാം ഉള്‍പ്പെടെ 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ ഇവര്‍ക്ക് പ്രതിമാസം ലഭിക്കുന്നുണ്ട്.