കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും പാക് നടി സന ജാവേദും വിവാഹിതരായത്. സനയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷുഐബ് തന്നെയാണ് വിവാഹവാര്‍ത്ത പരസ്യമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും ഷുഐബ് മാലിക്കിന്റെ ഭാര്യയുമായിരുന്ന സാനിയ മിര്‍സയുടെ കുടുംബത്തിന്റെ പ്രതികരണവുമെത്തി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഷുഐബ് മാലിക്കുമായുള്ള ബന്ധം സാനിയ വേര്‍പെടുത്തിയിട്ടുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

To advertise here,

ഷുഐബ് മാലിക്കിന്റെ മൂന്നാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഷുഐബ് മാലിക്കിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഷുഐബിന്റെ വിവാഹേതര ബന്ധങ്ങള്‍ കാരണമാണ് സാനിയ അകന്നതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സനയും ഷുഐബും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്ന് ഇപ്പോള്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ എആര്‍വൈ ഡിജിറ്ററില്‍ സംപ്രേഷണം ചെയ്ത ജീതോ പാകിസ്താന്‍ എന്ന ഗെയിം ഷോയ്ക്കിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നും പാക് മാധ്യമമായ സമ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

സന ജാവേദിനെ തന്നോടൊപ്പം അതിഥിയായി ക്ഷണിച്ചില്ലെങ്കില്‍ ഷോയില്‍ പങ്കെടുക്കില്ലെന്ന് ഷുഐബ് ഉപാധി വെച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ സമയത്ത് പാക് ഗായകന്‍ ഉമര്‍ ജസ്വാളുമായുള്ള സനയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹമോചനം വേണമെന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സന ഉമറിനോട് പറഞ്ഞതെന്നും സനയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉമര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

2010-ല്‍ സാനിയയെ വിവാഹം ചെയ്യുന്നതിനു മുമ്പ് 2006-ല്‍ ഇന്ത്യക്കാരിയായിരുന്ന ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം ചെയ്തിരുന്നു. അയേഷയുമായി ബന്ധം വേര്‍പെടുത്താതെയാണ് മാലിക്ക് സാനിയയെ വിവാഹം ചെയ്തതെന്ന് ഇരുവരുടെയും വിവാഹത്തിനു പിന്നാലെ വലിയ ചര്‍ച്ചയുമായിരുന്നു. അന്ന് അയേഷയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ 15 കോടി രൂപയാണ് മാലിക്ക് ജീവനാംശമായി നല്‍കിയത്. 

ഹൈദരാബാദിലായിരുന്നു സാനിയ - മാലിക്ക് വിവാഹം. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് താമസം മാറി. 2018-ല്‍ മകന്‍ മകന്‍ ഇസാന്‍ ജനിച്ചു. നിലവില്‍ സാനിയയ്ക്കൊപ്പമാണ് മകന്‍.