ഴിഞ്ഞ ഡിസംബറിലായിരുന്നു സംവിധായകൻ രാജ് നിദിമോരുവും നടി സാമന്ത റൂത്ത് പ്രഭുവും തമ്മിലുള്ള വിവാഹം. ഏറെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ സാമന്തയെ കുറിച്ച് രാജിന്റെ സഹോദരി ശീതൾ നിദിമോരു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

To advertise here,

ഏറെ വൈകാരികമായ കുറിപ്പിനൊപ്പം സാമന്തയ്‌ക്കൊപ്പമുള്ള ചിത്രവും ശീതൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സാമന്തയുടെ വീട്ടിൽ താമസിക്കുമ്പോൾ ഒരു രാത്രി സുഖമില്ലാതായെന്നും പുലർച്ചെ മൂന്ന് മണി വരെ സാമന്ത തന്നെ പരിചരിച്ചെന്നും അവർ കുറിച്ചു. തൊട്ടടുത്ത ദിവസം മുഴുവൻ ഷൂട്ടിങ്ങുണ്ടായിട്ടും സാമന്ത തന്റെ അടുത്തിരുന്നെന്നും അവർ പറയുന്നു. താൻ സാമന്തയുടെ സിനിമകൾ കണ്ടിട്ടില്ലെങ്കിലും അവളുടെ ഉള്ളിലെ സഹാനുഭൂതിയും നന്മയും കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ശീതൾ കുറിപ്പ് തുടങ്ങുന്നത്.

'സാമന്തയുടെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൈദരാബാദിലെ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. അർധരാത്രി എനിക്ക് കടുത്ത പനിയും ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടു. എഴുന്നേറ്റ് പോയി മരുന്ന് പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നന്നായി വിറക്കുന്നുമുണ്ടായിരുന്നു. ആരേയും ശല്യപ്പെടുത്തേണ്ട എന്ന് കരുതി മടിച്ചെങ്കിലും ഒടുവിൽ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിൽ സഹായം ചോദിച്ച് മെസ്സേജ് അയച്ചു.

'മരുന്നുകളും പുതപ്പും എവിടെയാണെന്ന് അറിയുമോ? എനിക്ക് തണുത്തുവിറയ്ക്കുന്നു' എന്നാണ് മെസ്സേജ് അയച്ചത്. നിമിഷങ്ങൾക്കകം സാമന്തയുടെ മുറപടി വന്നു. 'ഞാൻ ഇതാ വരുന്നു' എന്നായിരുന്നു മറുപടി. അവർ വീട്ടിലെ മറ്റാരേയും ഉണർത്തിയില്ല. എന്റെ സഹോദരനോട് പോയി നോക്കാൻ പറഞ്ഞതുമില്ല. അവർ സ്വയം എന്റെ മുറിയിലേക്ക് ഓടിയെത്തി. പുതപ്പ് തിരഞ്ഞിട്ട് കിട്ടാതായപ്പോൾ വലിയ ടവ്വലുകൾ എടുത്ത് എന്നെ പുതപ്പിച്ചു. മരുന്നും വെള്ളവും തന്നു. എന്നെ ചേർത്തുപിടിച്ചു. അന്ന് രാത്രി മുഴുവൻ അവർ ഉറങ്ങിയില്ല എന്ന കാര്യമാണ് എന്നെ കൂടുതൽ സ്പർശിച്ചത്.

സാമന്തയ്ക്ക് കൂടുതൽ തിരക്കുള്ള സമയമായിരുന്നു അത്. വിവാഹവുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലുകൾ അവസാനിച്ചിരുന്നില്ല. എന്നെ പരിചരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അവർക്ക് സിനിമയുടെ സെറ്റിൽ റിപ്പോർട്ട് ചെയ്യുകയും വേണമായിരുന്നു. അന്ന് പനിയെല്ലാം മാറിയ ശേഷം ഷൂട്ടിങ് സ്ഥലത്തെത്തിയ ഞാൻ അദ്ഭുതപ്പെട്ടു. അവർ സാരിയെല്ലാം ഉടുത്ത് സ്വന്തമായി സ്റ്റണ്ട് രംഗങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഉറക്കം കളഞ്ഞതിന്റെ ക്ഷീണവും തളർച്ചയുമൊന്നും മുഖത്തുണ്ടായിരുന്നില്ല. ബ്രേക്കിന് ഇടയിൽ അവർ എന്റെ അടുത്ത് വന്ന് ആദ്യം ചോദിച്ചത് ഷൂട്ടിങ്ങിനെ കുറിച്ചായിരുന്നില്ല. 'നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്' എന്നായിരുന്നു. ആ സ്‌ക്രീനിൽ കാണുന്ന ചരിക്ക് പിന്നിൽ ഇത്രയും ദയയുള്ള ഒരു ഹൃദയമുണ്ടെന്ന് സിനിമ കാണുന്ന പലർക്കുമറിയില്ല.

സ്വന്തം ജീവിതം പ്രതിസന്ധിയിലായിരിക്കുമ്പോൾപോലും മറ്റുള്ളവരോട് കരുണ കാണിക്കാൻ വലിയൊരു മനസ് വേണം. അതാണ് സാമന്ത. അതുകൊണ്ടാണ് 'മാ ഇൺടി ബംഗാരം' എന്ന സിനിമയുടെ പേര് കേൾക്കുമ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരിയുണ്ടാകുന്നത്. ആ സിനിമ തിയേറ്ററിൽ കാണുന്നതിന് എത്രയോ മുമ്പ് തന്നെ എന്റെ ജീവിതത്തിലെ യഥാർഥ 'ബംഗാരത്തെ' ഞാൻ കണ്ടുമുട്ടിയിരുന്നു.'- ശീതൾ കുറിച്ചു.