അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകന്‍ കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച്  മറ്റൊരാളോടൊപ്പം പോയതെന്നും അവരെ സുധി നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും രേണു സുധി പറയുന്നു. 

To advertise here,

സുധിയുടെ ആദ്യഭാര്യ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഒരിക്കല്‍ തന്നെ വീഡിയോകോള്‍ ചെയ്തിരുന്നുവെന്നും തന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും രേണു സുധി പറയുന്നു. തനിക്ക് ഒരു പിണക്കവുമില്ലെന്നാണ് അന്ന് പറഞ്ഞതെന്നും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേണു പറയുന്നു.

'സുധിച്ചേട്ടന്റെ ആദ്യഭാര്യ മരിച്ചു. ആത്മഹത്യ ചെയ്തതാണ്. കിച്ചുവിന് 16 വയസുള്ളപ്പോഴാണ് അവര്‍ മരിക്കുന്നത്. സുധിച്ചേട്ടന്‍ മരിക്കുന്നതിനും രണ്ട് വര്‍ഷം മുമ്പാണ് അത്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോള്‍ അവര്‍ വേറെ ഒരാളെ സ്‌നേഹിച്ച് വീട് വിട്ടു പോയതാണ്. അയാളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടാകുകയും ചെയ്തിരുന്നു. അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. ഞാന്‍ ഇന്നും അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. 

എന്തുകൊണ്ട് അവര്‍ പോയതെന്ന് ഞാന്‍ സുധിച്ചേട്ടനോട് ചോദിച്ചിട്ടില്ല. സംസാരിക്കാമെന്ന് സുധിച്ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ മനസിന് വിഷമം ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍ പറയേണ്ടെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. സുധിച്ചേട്ടന്‍ അവരെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. എന്നെ മാത്രമാണ് നിയമപരമായി വിവാഹം ചെയ്തിട്ടുള്ളത്. കുഞ്ഞുണ്ടായശേഷമാണ് സുധി ചേട്ടന്റെ വീട്ടുകാരും ഈ ബന്ധം സമ്മതിച്ചത്.

അവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ടുണ്ടോയെന്നും താലി കെട്ടിയിട്ടുണ്ടോയെന്നും ഞാന്‍ ചോദിച്ചിട്ടില്ല. സുധി ചേട്ടനും മകനും എന്റേതാണല്ലോ എന്ന സന്തോഷമാണ് എനിക്കുണ്ടായിരുന്നത്. ഒരിക്കല്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അവര്‍ വിളിച്ചു. അത് കണ്ട് സുധിച്ചേട്ടന്‍ പറഞ്ഞു, ആ നമ്പര്‍ ബ്ലോക്ക് ചെയ്‌തോളൂ എന്ന്. അവര്‍ മരിച്ചപ്പോള്‍ ഞാന്‍ കിച്ചുവിനോട് പറഞ്ഞു, നിനക്ക് അവിടെ പോകണോ, ഞാന്‍ കൊണ്ടുപോകാം എന്ന്. അവന്‍ അപ്പോള്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. 'എന്റെ അമ്മ ഇതാണ്. അമ്മ മരിച്ചില്ലല്ലോ, അമ്മ ഉണ്ടല്ലോ എനിക്ക്, അമ്മ പൊയ്‌ക്കോളൂ, ഞാന്‍ ഗെയിം കളിക്കട്ടെ'  എന്നാണ് അവന്‍ പറഞ്ഞത്.

അവര്‍ ഇടയ്ക്ക് ഭര്‍ത്താവിനേയും കൂട്ടി മകനെ കാണാന്‍ വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വന്ന് കുട്ടിക്ക് എന്തെങ്കിലും സമ്മാനം കൊടുത്തിട്ട് പോകും. സുധി ചേട്ടന്‍ അത് കണ്ടുകൊണ്ട് മാറി നില്‍ക്കും. കിച്ചു വലുതായതിന് ശേഷം അവരെ കണ്ടിട്ടില്ല. അവരുടെ മരണവാര്‍ത്ത അറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞിരുന്നു. ഞാനും സുധി ചേട്ടനും വണ്ടിയോടിക്കുന്ന പയ്യനും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാന്‍ മാളില്‍ പോകുമ്പോഴാണ് അവരുടെ മരണവാര്‍ത്ത അറിയുന്നത്. അത് വരെ സന്തോഷത്തിലായിരുന്ന ചേട്ടന്റെ മുഖം മാറി.  ചേട്ടന്‍ കരഞ്ഞോ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പകല്‍ മുഴുവന്‍ പിടിച്ചുനിന്നു. 

രാത്രിയായപ്പോള്‍ എന്റെ അടുത്ത് വന്ന് കരഞ്ഞു. വിഷമിക്കേണ്ടെന്നും നമുക്ക് അവരെപ്പോയി അവസാനമായി കാണാം എന്നും പറഞ്ഞു. പോകണ്ട എന്ന് സുധി ചേട്ടന്‍ പറഞ്ഞു. അവര്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ സമയത്താണ് മരിച്ചത്. ഡാന്‍സറായിരുന്നു അവര്‍. ആ സമയത്ത് ജോലിയില്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ടാകാം. ഇപ്പോള്‍ അവരുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് അറിഞ്ഞത്. അവര്‍ക്കും ഒരു കുഞ്ഞുള്ളതല്ലേ.'-രേണു സുധി അഭിമുഖത്തില്‍ പറയുന്നു.