ബോളിവുഡില്‍ അടുത്ത കാലത്ത് വലിയ ചര്‍ച്ചയായ വിഷയമാണ് ജോലി സമയം. എട്ട് മണിക്കൂര്‍ മാത്രം ഷൂട്ടിങ് എന്ന നിലപാടെടുത്തതിനെ തുടര്‍ന്ന് രണ്ട് ചിത്രങ്ങളില്‍ നിന്ന് നടി ദീപികാ പദുക്കോണിന് പുറത്തുപോകേണ്ടി വന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്.

To advertise here,

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പങ്കുവെക്കുകയാണ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന തമ്മ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യാ സര്‍പോത്ദര്‍. ആയുഷ്മാന്‍ ഖുരാനയും തെന്നിന്ത്യന്‍ നടി രശ്മികാ മന്ദാനയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. രശ്മിക 12 മണിക്കൂര്‍ വരെ പരാതിയൊന്നും പറയാതെ ജോലി ചെയ്തതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യ.

Also Read: ‘മട്ടൻ കഴിക്കാത്ത ഷാരൂഖ് ഖാൻ സിനിമയ്ക്കായി അത് കഴിച്ചു; ഒബ്‌റോയ് ഹോട്ടലില്‍ നിന്ന് വരുത്തിയ പ്രത്യേക ഭക്ഷണം ഒഴിവാക്കി’ -സംവിധായകന്‍

'എല്ലാവരും 24 മണിക്കൂറും ജോലി ചെയ്യുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കന്നതാണ്. 12 മണിക്കൂര്‍ ജോലി ചെയ്യുന്നത് മനസിലാക്കാന്‍ കഴിയും. ഷൂട്ടിങ്ങില്‍ അത് പ്രായോഗികവുമാണ്. എന്നാല്‍ അതിനപ്പുറം പോകുന്നത് ശരിയല്ല. ഷെഡ്യൂളുകള്‍ക്കിടയില്‍ കുടുങ്ങി ആളുകള്‍ക്ക് വീട്ടില്‍ പോലും പോകാന്‍ കഴിയാതിരിക്കുന്ന സാഹചര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇത് വളരെ മോശം കാര്യമാണ്.' -ആദിത്യ പറഞ്ഞു.

'രശ്മികയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യും. ഒരിക്കല്‍ പോലും താന്‍ ക്ഷീണിതയാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. ജീവിതത്തില്‍ അങ്ങനെ ചെയ്യാന്‍ പറ്റുന്ന ഘട്ടത്തിലായതിനാലാകാം അത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ബാധകമാക്കേണ്ട നിയമമാകരുത്. സംവിധായകരും അഭിനേതാക്കളും ഒരേതലത്തിലാണെങ്കില്‍ മാത്രമേ അവര്‍ക്ക് ഒന്നിച്ച് ജോലി ചെയ്യാന്‍ കഴിയൂ.' -ആദിത്യ കൂട്ടിച്ചേര്‍ത്തു.