റാപ്പിഡോ റൈഡറിൽ നിന്ന് നേരിട്ട മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവതി. ബൈക്ക് യാത്രയ്ക്ക് ശേഷം റാപ്പിഡോ റൈഡർ വാട്‌സാപ്പിൽ അനാവശ്യ സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

To advertise here,

യാത്ര കഴിഞ്ഞിറങ്ങിയതിന് പിന്നാലെ യുവതിയുടെ വാട്‌സാപ്പിലേക്ക് റൈഡർ സന്ദേശങ്ങൾ അയക്കുകയായിരുന്നു. അയാളുടെ സംസാരം അസ്വഭാവികവും പേടിപ്പെടുത്തുന്നതുമായിരുന്നെന്ന് യുവതി ആരോപിക്കുന്നു. ഇയാളുടെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടും യുവതി വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.

നിങ്ങളെ കാണാൻ സുന്ദരിയാണെന്നും എത്രയാണ് വയസ്സെന്നും ഇയാൾ യുവതിയോട് ചോദിച്ചു. ഇതിന് യുവതി ദേഷ്യത്തോടെ മറുപടി നൽകിയപ്പോൾ നാളെ വൈകുന്നേരം നാല് മണിക്ക് കാണാൻ പറ്റുമോ എന്നാണ് ഇയാൾ ചോദിക്കുന്നത്. ഇതോടെ പെൺകുട്ടി റാപ്പിഡോ റൈഡറെ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇത് ചർച്ചയായതോടെ റാപ്പിഡോ കമ്പനി യുവതിയോട് മാപ്പ് പറഞ്ഞു. റൈഡറുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ സേവന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി യുവതിയുടെ റൈഡ് ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. സുരക്ഷയും വ്യക്തിവിവരങ്ങളുടെ സ്വകാര്യതയുമായും ബന്ധപ്പെട്ടാണ് കൂടുതൽ പേരും കമന്റ് ചെയ്തത്. യാത്ര കഴിഞ്ഞാലുടൻ യാത്രക്കാരുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് ലഭ്യമാകാത്ത വിധം 'നമ്പർ മാസ്‌കിങ്' സംവിധാനം കൂടുതൽ കർശനമാക്കണമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.