ബാബാ രാംദേവ് തന്നെ എക്‌സില്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍. യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രാംദേവ് എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ താന്‍ കമന്റ് ചെയ്തപ്പോഴാണ് ബ്ലോക്ക് ചെയ്തതെന്ന് ബ്രയാന്‍ ജോണ്‍സണ്‍ ആരോപിക്കുന്നു.

To advertise here,

തന്റെ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളായ സ്വര്‍ണ ശിലാജിത്ത്, ഇമ്യൂണോഗ്രിറ്റ് ഗോള്‍ഡ് എന്നിവയുടെ പ്രൊമോഷന്റെ ഭാഗമായി ബാബാ രാംദേവ് കുതിരയോടൊപ്പം ഓടുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഈ ഉത്പന്നങ്ങള്‍ക്ക് പ്രതിരോധശേഷിയും സ്റ്റാമിനയും വര്‍ദ്ധിപ്പിക്കാനാകുമെന്നും വാര്‍ദ്ധക്യത്തെ വൈകിപ്പിക്കാനാകുമെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബ്രയാന്‍ ജോണ്‍സണ്‍ ഇതിനെ അനുകൂലിച്ചില്ല.

പതഞ്ജലിയുടെ ആസ്ഥാനമായ ഹരിദ്വാറിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നും നഗരത്തിലെ വായു ശ്വസിക്കുന്നത് ഹൃദയ, ശ്വാസകോശ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ബ്രയാന്‍ ജോണ്‍സണ്‍ കമന്റ് ചെയ്തു. ഇതിന് പിന്നാലെ രാംദേവ് തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് ബ്രയാന്‍ ജോണ്‍സണ്‍ ആരോപിക്കുന്നത്. 

ഇതിന് മുമ്പും ഇന്ത്യയിലെ വായുനിലവാരത്തെ കുറിച്ച് ബ്രയാന്‍ ജോണ്‍സണ്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ മലീനകരണത്തെ കുറ്റപ്പെടുത്തിയ ബ്രയാന്‍ സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയ്ക്കിടെ എഴുന്നേറ്റ് പോയിരുന്നു.