മുംബൈ: രാജാ രവിവര്‍മയുടെ 'യശോദയും കൃഷ്ണനും' എന്ന പെയിന്റിങ് മുംബൈയില്‍നടന്ന ലേലത്തില്‍ വിറ്റത് 38 കോടി രൂപയ്ക്ക്. മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് പെയിന്റിങ്ങിന് റെക്കോഡ് തുക ലഭിച്ചത്. യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന് ഇരിക്കുന്ന ചിത്രമാണ് രവിവര്‍മ എണ്ണച്ചായത്തില്‍ തീര്‍ത്തിരിക്കുന്നത്.
10 കോടി മുതല്‍ 15 കോടി രൂപ വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. ശില്പങ്ങളും ചിത്രങ്ങളുമടക്കം 83 കലാസൃഷ്ടികളാണ് ലേലത്തില്‍വെച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് രവിവര്‍മയുടെ, 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ഈ ചിത്രത്തിനാണ്.
രവിവര്‍മയുടെ മൂന്നു ചിത്രങ്ങളും ഒരു രേഖാചിത്രവുമാണ് ലേലത്തിലുണ്ടായിരുന്നത്. പെയിന്റിങ്ങുകള്‍ മൂന്നും ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവര്‍മ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രവിവര്‍മയുടെ മറ്റു രണ്ട് പെയിന്റിങ്ങുകളായ 'ശിവഭഗവാനും കുടുംബവും' 16 കോടിക്കും 'കംസവധം, കൃഷ്ണന്റെ യുവത്വം' എന്നീ ചിത്രങ്ങള്‍ ചേര്‍ന്നുള്ള പെയിന്റിങ് നാലു കോടി രൂപയ്ക്കുമാണ് വിറ്റത്. രാവണന് ജടായുവിനെ നേരിടുന്നതിന്റെ പെന്‍സില്‍ രേഖാചിത്രത്തിന് 2.6 കോടിയും കിട്ടി.
മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നു വന്ന ആളാണ് ഫ്രിറ്റ്സ് ഷ്ളിച്ചര്‍. പിന്നീട് ലോണാവാലയിലേക്ക് മാറ്റി സ്ഥാപിച്ച പ്രസ് രവിവര്‍മ അദ്ദേഹത്തിന് വില്‍ക്കുകയായിരുന്നു. പ്രസ് വാങ്ങിയ ഫ്ളിച്ചര്‍ അവിടെയുണ്ടായിരുന്ന രവിവര്‍മയുടെ പെയിന്റിങ്ങുകള്കൂടി സ്വന്തമാക്കി. അതില്‍ നിന്നാണ് മൂന്നെണ്ണം ഇപ്പോള്‍ ലേലത്തില്‍ വിറ്റത്. നേരത്തേയും പുണ്ടോള്‍ ഗാലറി രവിവര്‍മ ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റിരുന്നെങ്കിലും ഇത്രയുംവലിയ തുക ഇതാദ്യമായാണ് ലഭിക്കുന്നത്.
Content Highlights: raja ravi varmas painting 'Yashoda and Krishna' sold at auction for Rs 38 crore
Published: 25 Feb 2023, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented