ന്യൂഡൽഹി: രാഷ്ട്രീയ ചർച്ചകളും ബോർഡ് റൂം മീറ്റിങ്ങുകളും മാറ്റിവെച്ച് ഒരു ദിവസത്തേക്ക് ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയായി രാജ്യസഭാ എംപി രാഘവ് ചദ്ദ. ഗിഗ് തൊഴിലാളികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടറിയുന്നതിനും അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുമായാണ് എംപി വേറിട്ട നീക്കം നടത്തിയത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'സ്റ്റേ ട്യൂൺഡ്' എന്ന അടിക്കുറിപ്പോടെ ചദ്ദ വീഡിയോ ടീസർ പങ്കുവെച്ചത്.

To advertise here,

ബ്ലിങ്കിറ്റിന്റെ മഞ്ഞ ടീഷർട്ടും ജാക്കറ്റും ധരിച്ച് ഡെലിവറി പങ്കാളിയെപ്പോലെയാണ് ചദ്ദ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു ഡെലിവറി പാർട്ണറുടെ സ്കൂട്ടറിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതും സ്റ്റോറിൽ നിന്ന് സാധനങ്ങൾ ശേഖരിച്ച് ഉപഭോക്താവിന്റെ വീട്ടുവാതിൽക്കൽ എത്തുന്നതും ടീസറിലുണ്ട്. "ബോർഡ് റൂമുകളിൽ നിന്ന് മാറി, സാധാരണക്കാർക്കിടയിൽ... ഞാൻ അവരുടെ ജീവിതം അനുഭവിച്ചറിഞ്ഞു" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾക്കായി പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തുന്ന വ്യക്തിയാണ് രാഘവ് ചദ്ദ. കുറഞ്ഞ വേതനം, അമിത ജോലിഭാരം, സാമൂഹിക സുരക്ഷയുടെ അഭാവം എന്നിവയെക്കുറിച്ച് അദ്ദേഹം ഡിസംബറിൽ പാർലമെന്റിൽ സംസാരിച്ചിരുന്നു. കുറഞ്ഞ വരുമാനത്തെക്കുറിച്ച് പരാതിപ്പെട്ട ഒരു ബ്ലിങ്കിറ്റ് തൊഴിലാളിയുടെ വീഡിയോ വൈറലായതിനെത്തുടർന്ന് ചദ്ദ അദ്ദേഹത്തെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിരുന്നു.