പ്രശസ്തരായ വ്യക്തികളുടെ സാധനങ്ങള്‍ ലേലം ചെയ്യുന്നത് സാധാരണമാണ്. അവര് ഉപയോഗിച്ച കണ്ണടയും വസ്ത്രങ്ങളും ചെരുപ്പും പേനയുമെല്ലാം ഇത്തരത്തില്‍ ലേലത്തില്‍വെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന വസ്ത്രം ലേലത്തിലൂടെ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. പ്രശസ്തമായ 'ബ്ലാക്ക് ഷീപ്' സ്വെറ്ററാണ് വില്‍ക്കുന്നത്. 

To advertise here,

ന്യൂയോര്‍ക്ക് ആസ്ഥാനമായ ആര്‍ട്ട് കമ്പനി 'Sotheby’s' ആണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 31-നും സെപ്റ്റംബര്‍ 14-നും ഇടയിലായാണ് ലേലം നടക്കുക. 65 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കിയിരിക്കുന്ന ആദ്യ വില.

1981-ല്‍ നടന്ന ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴായിരുന്നു ഡയാന ഈ സ്വെറ്റര്‍ ധരിച്ചത്. അന്ന് ചാള്‍സ് രാജകുമാരനുമായി ഡയാനയുടെ വിവാഹം നിശ്ചയിരുന്ന സമയമായിരുന്നു. വൂളില്‍ നെയ്‌തെടുത്ത ഈ സ്വെറ്ററിന് ക്രൂ നെക്കാണ് നല്‍കിയിരിക്കുന്നത്. 1979 ല്‍ ബ്രിട്ടീഷ് ഡിസൈനേഴ്‌സായ വാം ആന്‍ഡ് വണ്ടര്‍ഫുള്‍ ആയിരുന്നു ഈ സ്വെറ്റര്‍ ഡയാനയ്ക്കു വേണ്ടി ഒരുക്കിയത്.

ബ്ലാക്ക് ഷീപ് സ്വെറ്റര്‍ എന്നാണ് പേരെങ്കിലും ഈ വസ്ത്രം ചുവപ്പ് നിറത്തിലാണ്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ചുവപ്പില്‍ നിറയെ വെള്ള നിറത്തിലുള്ള ആട്ടിന്‍ കുട്ടികളാണ് ഈ സ്വെറ്ററിലുള്ളത്. എന്നാല്‍ അതിനിടയില്‍ ഒരൊറ്റ കറുത്ത ആട്ടിന്‍കുട്ടിയെ കാണാം. കൂട്ടംതെറ്റിയ ആട്ടിന്‍കുട്ടിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. രാജകുടുംബാംഗങ്ങളില്‍ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം തന്നെയാണ് ആ സ്വെറ്ററിലൂടെ പറയുന്നതെന്നാണ് ഈ ഡിസൈന്റെ പിന്നിലെ കഥ.