
പങ്കജ് ധീറിനൊപ്പം കൃതിക/ കൃതിക| Photo: Instagram/ Kratika Sengar Dheer
ഒക്ടോബര്‍ 15-നാണ് അര്‍ബുദവുമായുള്ള പോരാട്ടത്തിനൊടുവില്‍ നടന്‍ പങ്കജ് ധീര്‍ വിട വാങ്ങിയത്. ബി.ആര്‍ ചോപ്രയുടെ മഹാഭാരതത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തനായ പങ്കജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെത്തിയിരുന്നു. പലരും അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ പങ്കജിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മരുമകളും നടിയുമായ കൃതിക സെംഗാര്‍ ധീര്‍. അദ്ദേഹം എപ്പോഴും ഒരു മകളെപ്പോലെയാണ് തന്നെ കണ്ടിരുന്നതെന്നും സ്‌നേഹംകൊണ്ട് പൊതിഞ്ഞിരുന്നുവെന്നും കൃതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം പങ്കജിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'അമ്മായിയച്ഛന്‍ എന്ന വാക്ക് നിങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങള്‍ എപ്പോഴും പറഞ്ഞിരുന്നത് 'അവള്‍ എന്റെ മകളാണ്'എന്നാണ്. അതുപോലെ തന്നെയാണ് നിങ്ങള്‍ എന്നോട് പെരുമാറിയിരുന്നത്. നിങ്ങളുടെ കണ്ണുകളിലെ ആ പരിചിതമായ തിളക്കത്തോടെ നിങ്ങള്‍ പലപ്പോഴും ചോദിക്കുമായിരുന്നു 'ഈ ലോകത്തിലെ ഏറ്റവും നല്ല പെണ്‍കുട്ടി ആരാണ്?' എന്ന്. അപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് പറയും, 'ഞാന്‍!' എന്ന്. 'ഐ ലവ് യു, ഡാഡ്' എന്ന് പറയാന്‍ എനിക്ക് എപ്പോഴും നാണമായിരുന്നു. എന്റെ ആ നാണം മാറുന്നതുവരെ നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതായിരുന്നു എന്നെ സ്‌നേഹം കൊണ്ട് പൊതിയാനുള്ള നിങ്ങളുടെ വഴി.
നിങ്ങള്‍ ഒരു ഭര്‍തൃപിതാവ് മാത്രമായിരുന്നില്ല. നിങ്ങള്‍ എന്റെ അച്ഛനും സുഹൃത്തും എന്റെ സുരക്ഷിതമായ ഇടവുമായിരുന്നു. ലോകത്തിന് കീഴിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഇപ്പോള്‍ നിങ്ങളില്ലാത്തതിന്റെ ശൂന്യത വളരെ ഭാരമുള്ളതായി തോന്നുന്നു. ദേവികയോടുള്ള നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി. അവള്‍ എപ്പോഴും നിങ്ങളുടെ ഏറ്റവും നല്ല ദാദുവായി ഓര്‍ക്കും. ഐ ലവ് യു ഡാഡ്'-കൃതിക കുറിച്ചു.
'ഏക് വീര്‍ സ്ത്രീ കി കഹാനി ഝാന്‍സി കി റാണി' എന്ന പരമ്പരയിലെ റാണി ലക്ഷ്മിഭായിയുടെ വേഷത്തിലൂടെ പ്രശസ്തയാണ് കൃതിക. 2014-ലാണ് പങ്കജിന്റെ മകന്‍ നികിതിന്‍ ധീറിനെ കൃതിക വിവാഹം ചെയ്യുന്നത്. 2022-ല്‍ ഇരുവര്‍ക്കും ദേവിക എന്ന മകള്‍ ജനിക്കുകയും ചെയ്തു. മഹാഭാരതം, ചന്ദ്രകാന്ത, രാജാ കി ആയേഗി ബാരാത്, സസുരാല്‍ സിമര്‍ കാ തുടങ്ങിയ നിരവധി പ്രശസ്ത ടെലിവിഷന്‍ ഷോകളില്‍ പങ്കജ് അഭിനയിച്ചിട്ടുണ്ട്. അന്ദാസ്, സോള്‍ജ്യര്‍, സനം ബേവഫാ തുടങ്ങിയ ബോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlights: pankaj dheers daughter in law kratika sengar pens heartfelt note
Published: 31 Oct 2025, 09:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented