ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച ചിത്രമുണ്ടാക്കിയ തെറ്റിദ്ധാരണയില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍ നിമിഷ് രവി. നടി അഹാന കൃഷ്ണയ്‌ക്കൊപ്പം വിവിഹാവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് നിമിഷ് രവി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

To advertise here,

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിമിഷ്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് ഇതെന്നും ഇന്‍സ്റ്റഗ്രാമില്‍ നിമിഷ് പോസ്റ്റ് ചെയ്തു. അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു ദിയയുടേയും അശ്വിന്‍ ഗണേഷിന്റേയും വിവാഹം. 

'എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടില്ല. ഇത് എന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു. പറഞ്ഞുവെന്നേയുള്ളൂ'- നിമിഷ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചു. 

അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച് ഹ്രസ്വം ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടേയും ക്യാമറ ചെയ്തതും നിമിഷാണ്.