വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ ജീവിതവും പ്രണയവും പറയുന്ന ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചു. നയന്‍താരയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകരും അഭിനേതാക്കളുമടക്കം ഒട്ടേറെപ്പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. 2006-ല്‍ ബോസ് എന്ന തെലുങ്ക് ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച നാഗാര്‍ജുനയും നയന്‍താരയുടെ ആദ്യപ്രണയങ്ങളിലൊന്നിനെക്കുറിച്ച് ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തി.

To advertise here,

അന്നത്തെ നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധം പ്രക്ഷുബ്ധമായിരുന്നുവെന്ന് നാഗാര്‍ജുന അഭിപ്രായപ്പെട്ടു. നയന്‍താരയുടെ സെറ്റിലേക്കുള്ള വരവ് രാജകീയമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അവരുടെ ചിരി ആത്മാര്‍ഥത നിറഞ്ഞതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇത് തങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാവാന്‍ കാരണമായി. സുഹൃത്തുക്കളായി താന്‍ ആഗ്രഹിച്ചത് ഇത്തരം ആളുകളെയായിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞു.

'സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഷൂട്ടിങ് നടക്കുകയായിരുന്നു, ആ സമയത്ത് അവരുടെ റിലേഷന്‍ഷിപ്പില്‍ വളരെ പ്രക്ഷുബ്ധമായ കാലത്തിലൂടെയാണ് അവര്‍ പോകുന്നത് എന്നാണ് എനിക്ക് തോന്നിയത്. അവരുടെ ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഞങ്ങളെല്ലാവരും ഭയപ്പെടും. ഈ ഫോണ്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് താഴും', നാഗാര്‍ജുന പറഞ്ഞു. താന്‍ ഇക്കാര്യം അവരോട് ചോദിച്ചിരുന്നതായും നാഗാര്‍ജുന വെളിപ്പെടുത്തി. നിങ്ങളൊരു വിജയിച്ച സ്ത്രീയാണെന്നും എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ മുന്‍ പ്രണയബന്ധങ്ങളെക്കുറിച്ച് നയന്‍താരയും ഡോക്യുമെന്ററിയില്‍ മനസുതുറന്നു. 'എന്റെ ആദ്യ പ്രണയം വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. അപ്പുറത്തുള്ള ആള്‍ ഞാനുമായി പ്രണയത്തിലാണെന്ന വിശ്വാസം', നയന്‍താര പറഞ്ഞു.