ബോളിവുഡ് താരം അമിതാഭ് ബച്ചനെ അറിയാത്തവരായി അധികമാരുമുണ്ടാകില്ല. അദ്ദേഹത്തിന്റെ മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യാ റായ്‌യും ബോളിവുഡിലെ മിന്നും താരങ്ങളാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനാകട്ടെ വെള്ളിത്തിരയില്‍ നിന്നെത്തി രാഷ്ട്രീയത്തില്‍ തിളങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ എല്ലാവരും ഇവരെയെല്ലാം പോലെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരല്ല. അക്കൂട്ടത്തില്‍ പ്രധാനിയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ.

To advertise here,

Also Read: 'കാന്താര കണ്ട് ദിവസങ്ങളോളം അവളുടെ ഉറക്കം നഷ്ടമായി'; മകള്‍ ശ്വേതയുടെ അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്റേയും വ്യവസായി നിഖില്‍ നന്ദയുടേയും മകളാണ് നവ്യാ നവേലി നന്ദ. പ്രമുഖ ബിസിനസ് കുടുംബത്തില്‍ നിന്നുള്ള നവ്യ അമ്മയുടെ കുടുംബത്തില്‍ നിന്ന് വ്യത്യസ്തയായി പിതാവിന്റെ പാതയാണ് തിരഞ്ഞെടുത്തത്. എസ്‌കോര്‍ട്ട്‌സ് കുബോട്ട ലിമിറ്റഡ് എന്ന ട്രാക്ടര്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് നന്ദ കുടുംബത്തിലെ മൂന്നാം തലമുറയില്‍ പെട്ട നിഖില്‍ നന്ദ. 40,000 കോടി രൂപയുടെ മൂല്യമുള്ള ഈ കമ്പനിയുടെ ഭാഗമാണ് നവ്യയും.

Don’t Miss: കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 'ഓവര്‍സ്മാര്‍ട്ടായി' വിദ്യാര്‍ഥി; വിമർശനവുമായി സോഷ്യല്‍ മീഡിയ | വീഡിയോ

നെപ്പോ കിഡ്ഡുകള്‍ വിലസുന്ന ബോളിവുഡിലേക്ക് അനായാസം കടന്നുകൂടാന്‍ അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചതിനെ കുറിച്ചും ബിസിനസിന്റെ ഭാഗമായതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് നവ്യ. മോജോ സ്‌റ്റോറിയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോറിയല്‍ പാരിസിന്റെ കോസ് അംബാസിഡര്‍ കൂടിയായ നവ്യ, 2023-ല്‍ പാരിസ് ഫാഷന്‍ വീക്കില്‍ റാമ്പില്‍ ചുവടുവെച്ചിരുന്നു.

'സംരംഭക എന്ന നിലയില്‍ ഒരു തൊഴിലില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ട്രാക്ടര്‍ അസംബിള്‍ ചെയ്യുന്നത് മുതല്‍ ലോറിയലിന് വേണ്ടി പാരിസിലെ റാമ്പില്‍ നടക്കുന്നത് വരെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ഒരുകാര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എല്ലാം ചെയ്യണമെന്നാണ് ആഗ്രഹം.' -നവ്യ പറഞ്ഞു.

Also Read: 'ചെറിയ പിഴവില്‍ അവന് നഷ്ടമായത് ഒരു കോടി രൂപ, അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല'; കോന്‍ ബനേഗാ ക്രോര്‍പതി അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

'എന്റെ അച്ഛനും അമ്മായിയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ട്രാക്ടറുകളെ കുറിച്ച് ആവേശത്തോടെയാണ് സംസാരിക്കാറ്. പെണ്‍കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത ഒന്നാണ് അതെന്ന് കുട്ടിയായിരുന്ന എനിക്ക് തോന്നിയിട്ടേയില്ല. ഈ മഹത്തായ പാരമ്പര്യം എന്റെ കഴിവനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂന്നരവര്‍ഷത്തോളം ഞാന്‍ ഫാക്ടറിയില്‍ പരിശീലനം നേടിയതിന് ശേഷമാണ് കോര്‍പ്പറേറ്റ് ഓഫീസിന്റെ പടി പോലും കടന്നത്. അത് അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.' -നവ്യ തുടര്‍ന്നു.

എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം എസ്‌കോര്‍ട്‌സ് കുബോട്ടയുടെ 0.02 ശതമാനം ഓഹരിയാണ് നവ്യയുടെ കൈവശമുള്ളത്. ഏകദേശം ഏഴ് കോടി രൂപയോളമാണ് ഇതിന്റെ മൂല്യം. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് ബിസിനസുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സ് പഠിക്കുകയാണ് ഇപ്പോള്‍ നവ്യ.