
മുകേഷ് ഭട്ട്/ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മകള്‍ റാഹയ്ക്കൊപ്പം | Photo: AP/ Instagram/ Alia Bhatt
ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങിനിന്ന സഹോദരങ്ങളായിരുന്നു മുകേഷ് ഭട്ടും മഹേഷ് ഭട്ടും. ഇരുവരും 'വിശേഷ് ഫിലിംസ്' എന്ന ബാനറിലൂടെ ബോളിവുഡിലെ നിര്‍മാണ രംഗത്ത് ശ്രദ്ധേയരാകുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവരുടെ പങ്കാളിത്തത്തില്‍ വിള്ളല്‍ വീഴുകയും ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു. 2021-ലാണ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്.
ബിസിനസിലെ ഈ അകല്‍ച്ച ഇരുവരുടേയും കുടുംബബന്ധങ്ങളേയും ബാധിച്ചു. മഹേഷ് ഭട്ടിന്റെ മകളും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിന്റെ വിവാഹത്തിനുപോലും മുകേഷിനെ ക്ഷണിച്ചില്ല. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ വേദനയെ കുറിച്ച് അടുത്തിടെ മുകേഷ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
'എനിക്ക് വിഷമം തോന്നിയില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. തീര്‍ച്ചയായും ഒരുപാട് വേദനയുണ്ടായി. ഞാന്‍ ആലിയയെ ഒരുപാട് സ്‌നേഹിക്കുന്നു, അവളെ മാത്രമല്ല സഹോദരി ഷഹീനിനേയും. ആലിയ വിവാഹിതയായപ്പോള്‍ എന്റെ മകളുടെ വിവാഹം നടന്നതു പോലെയാണ് എനിക്ക് തോന്നിയത്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.'-മുകേഷ് പറയുന്നു. വിവാഹത്തില്‍ പങ്കെടുത്തില്ലെങ്കിലും, ആലിയയോടുള്ള തന്റെ സ്‌നേഹത്തിന് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലിയയുടെയും രണ്‍ബീറിന്റെയും മകള്‍ റാഹ കപൂറിനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മുകേഷ് വെളിപ്പെടുത്തി. ഈ വര്‍ഷം റാഹയ്ക്ക് മൂന്ന് വയസ്സ് പൂര്‍ത്തിയായി. 'ആലിയ ഗര്‍ഭിണിയാണെന്നും പിന്നീട് അവള്‍ക്കൊരു കുഞ്ഞുണ്ടായെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എനിക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. റാഹയെ കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു.'-മുകേഷ് പറയുന്നു.
ആലിയയ്ക്ക് അസ്വസ്ഥതയുണ്ടാക്കുമോ എന്ന് ഭയന്ന് താന്‍ അവളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഞാന്‍ ശ്രമിച്ചില്ല. കാരണം അവളെ ഒരു അസുഖകരമായ അവസ്ഥയില്‍ നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാന്‍ വന്ന് അവളെ കണ്ടാല്‍ അവളുടെ അച്ഛന് എന്ത് തോന്നുമെന്ന് ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്ക് അവളെ എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-മുകേഷ് പറയുന്നു. ആലിയയ്ക്കും മകള്‍ക്കും എപ്പോഴും തന്റെ അനുഗ്രഹമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ഏപ്രില്‍ 14-ന് മുംബൈയിലെ വസതിയായ 'വാസ്തു'വില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2022 നവംബര്‍ 6-ന് ഇരുവര്‍ക്കും റാഹ എന്ന മകള്‍ പിറന്നു.
Content Highlights: mukesh bhatt reveals why he was not invited to alia bhatt and ranbir kapoors wedding
Published: 13 Nov 2025, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented