യുഎസ് മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി വാർത്തകളിലുണ്ട്. ഒന്നിലേറെ പൊതുപരിപാടികളിലെ മിഷേലിന്റെ അസാന്നിധ്യമാണ് ഇതിന് ശക്തിപകര്‍ന്നത്. ഒബാമ ദമ്പതിമാരുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട വിവാഹജീവിതത്തിന് വിരാമമാകുന്നുവെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

To advertise here,

ഇപ്പോഴിതാ, വിവാഹമോചന അഭ്യൂഹങ്ങളില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് മിഷേല്‍. പ്രമുഖ സംരംഭകനും നിക്ഷേപകനുമായ സ്റ്റീവന്‍ ബാര്‍ട്ട്‌ലെറ്റിന്റെ പോഡ്കാസ്റ്റിലാണ് അവർ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. താനും ഒബാമയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് എല്ലാവരും അറിയുമെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് മിഷേല്‍ പറഞ്ഞത്. സഹോദരന്‍ ക്രെയ്ഗ് റോബിന്‍സണൊപ്പമാണ് മിഷേല്‍  പോഡ്‌സാക്റ്റില്‍ പങ്കെടുത്തത്. 

'ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇവന്‍ അതറിയും. എല്ലാവരും അറിയും.'-,മിഷേല്‍ പറഞ്ഞു. വിവാഹം തനിക്കും ഒബാമയ്ക്കും വളരെ കഠിനമായ ഒന്നാണെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ താന്‍ ഒബാമയ്ക്കൊപ്പം പോഡ്കാസ്റ്റ് ചെയ്‌തേനെയെന്നാണ് ക്രെയ്ഗ് കൂട്ടിച്ചേര്‍ത്തത്. 

'ഞങ്ങള്‍ രണ്ടുപേരില്‍ ആരും ഒരിക്കലും പിന്മാറില്ല എന്നതാണ് എന്റെയും ഒബാമയുടേയും ബന്ധത്തിന്റെ സൗന്ദര്യം. കാരണം, അതല്ല ഞങ്ങള്‍. അദ്ദേഹത്തെ കുറിച്ച് എനിക്കും എന്നെക്കുറിച്ച് അദ്ദേഹത്തിനും ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്.' - മിഷേല്‍ പറഞ്ഞു. 

'ആളുകള്‍ വളരെ വേഗത്തിലാണ് വിവാഹബന്ധം ഉപേക്ഷിക്കുന്നത് എന്നതിനാലാണ് ഞാനിത് പറയുന്നത്. ബന്ധങ്ങളില്‍ ചെറിയ ഉരസലുകളുണ്ടാകാം. എന്നാല്‍ നിങ്ങള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ലെങ്കില്‍, അത് പരിഹരിക്കാന്‍ സഹായം തേടുന്നില്ലെങ്കില്‍, തെറാപ്പിക്ക് പോകുന്നില്ലെങ്കില്‍, ഒന്നിച്ച് മുന്നോട്ടുപോകുന്നതിനുള്ള വഴി കണ്ടെത്തുന്നില്ലായെങ്കില്‍, പരസ്പരം പിരിയാന്‍ വളരെ എളുപ്പമാണ്.' - മിഷേല്‍ ഒബാമ പറഞ്ഞുനിര്‍ത്തി.