റൂപർട്ട് മർഡോക്കും ആൻ ലെസ്‌ലി സ്മിത്തും | Photo: twitter/ George_T_Truth2
മെല്‍ബണ്: മാധ്യമഭീമനും 92 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയാറുകാരി ആന്‍ ലെസ്‌ലി സ്മിത്താണ് വധു.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ മുന്‍ പോലീസ് ചാപ്ലിനാണ് ആന്‍. ഗായകനും റേഡിയോ ആന്റ് ടിവി എക്‌സിക്യൂട്ടീവും ആയിരുന്ന ചെസ്റ്റര്‍ സ്മിത്തായിരുന്നു ആനിന്റെ ആദ്യ ഭര്‍ത്താവ്. ഇവര്‍ 2008-ല്‍ മരിച്ചു.
'ഞാന്‍ വളരേയധികം പരിഭ്രാന്തനായിരുന്നു. സ്‌നേഹത്തില്‍ അകപ്പെടുന്നത് ഞാന്‍ ഭയപ്പെട്ടു. പക്ഷേ എനിക്കറിയാം ഇത് എന്റെ അവസാന പ്രണയമാണെന്ന്. ഞാന്‍ സന്തോഷവാനാണ്.'-ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മര്‍ഡോക്ക് പറയുന്നു.
മീഡിയ ബിസിനസിലെ താത്പര്യമാണ് ഇരുവരേയും അടുപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യ കൂടിക്കാഴ്ച. 'കഴിഞ്ഞ 14 വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മര്‍ഡോക്കിനെ പോലെ എന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു. പ്രദേശിക പത്രങ്ങള്‍ക്കായി ജോലി ചെയ്തു. റേഡിയോ, ടിവി സ്‌റ്റേഷനുകള്‍ വികസിപ്പിച്ചെടുത്തു. അതുകൊണ്ട് മര്‍ഡോക്കിന്റെ ഭാഷ എനിക്ക് പെട്ടെന്ന് മനസിലാകും. ഞങ്ങള്‍ക്കിടയിലെ വിശ്വാസങ്ങളും ഒന്നാണ്.' ആന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറു മക്കളാണുള്ളത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ല്‍ അവസാനിച്ചു. ഇതില്‍ രണ്ടു കുട്ടികളുണ്ട്.
ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. മെല്‍ബണില് 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്‍ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
Content Highlights: media mogul rupert murdoch set to marry for 5th time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..