പോളണ്ടുകാരനായ അച്ഛന് ഇറ്റലിക്കാരിയായ അമ്മയിൽ ജനിച്ച ബ്രിട്ടീഷുകാരനായ മാർക്ക് ഡിച്ചോക്‌സ്കി കർമംകൊണ്ട് ഇന്ത്യക്കാരനായി മാറിയതിനുപിന്നിൽ വിസ്മയകരമായ ഒരു ജീവിതകഥയുണ്ട്. ബ്രിട്ടനിൽ ജനിച്ചുവളർന്ന വെള്ളക്കാരൻ പയ്യൻ വായനയിലൂടെമാത്രം അറിഞ്ഞ സംസ്കാരത്തെ ഹൃദയത്തിൽ ആവാഹിച്ച് വൻകരകൾ താണ്ടി സ്വയം കണ്ടെത്തുകയായിരുന്നു!

To advertise here,

‘കർമമാണ് സർവതിനും ആധാരം. ആ നിലയ്ക്ക് ഞാൻ ഇന്ത്യക്കാരനാണ്’ വിരക്തനാവാതെത്തന്നെ അറിവിന്റെ നിറവിൽ കാഷായം അണിയുന്ന മാർക്ക് ഇങ്ങനെ പറയുമ്പോൾ അംഗീകരിക്കാതെ നിർവാഹമില്ല. പൗരാണികസംസ്കാരത്തിലും വൈജ്ഞാനികസമ്പത്തിലും ആകൃഷ്ടനായി അതിനുവേണ്ടി ജീവിതമർപ്പിച്ച ഇൻഡോളജിസ്റ്റ് മാക്സ് മുള്ളറുടെ ശരിയായ പിൻമുറക്കാരനാണ് മാർക്ക്. മാതൃഭാഷയായ ഇംഗ്ലീഷുപോലെതന്നെ സംസ്കൃതം കൈകാര്യംചെയ്യുന്ന ഈ 74-കാരൻ ഹിന്ദുമതത്തിലെ താന്ത്രികശാഖയായ കശ്മീർ ശൈവിസത്തിൽ ഇന്ന് ഏറ്റവും പരിജ്ഞാനമുള്ള പണ്ഡിതനാണ്. ക്രിസ്തുവിന് മുൻപ്‌ ഒൻപതാം നൂറ്റാണ്ടിൽ കശ്മീരിൽ ഉരുവംകൊള്ളുകയും പണ്ഡിതവര്യനായ അഭിനവഗുപ്തൻ പരിപോഷിപ്പിക്കുകയും ചെയ്ത കശ്മീർ ശൈവിസത്തിന്റെ വിസ്മരിക്കപ്പെട്ട ഏടുകൾ പുറംലോകത്തിനുമുന്നിൽ അവതരിപ്പിച്ചുവെന്നതാണ് മാർക്കിന്റെ സംഭാവന. മനുഷ്യവംശത്തിന്റെയും സംസ്കാരത്തിന്റെയും സംഭാവനകളായ അറിവുകൾ പുതിയകാലത്ത് എത്രത്തോളം പ്രസക്തമോ അപ്രസക്തമോ ആയാലും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്മേൽ ജീവിതമർപ്പിച്ച മികച്ച അക്കാദമിക്‌ പണ്ഡിതൻ കൂടിയാണ് മാർക്ക് ഡിച്ചോക്‌സ്കി. കശ്മീർശൈവിസത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘ദ ഡോക്ടറീൻ ഓഫ് വൈബ്രേഷൻ’ (സ്‌പന്ദ സിദ്ധാന്തം) എന്ന പുസ്തകം പാശ്ചാത്യലോകത്ത് ഏറെ വായിക്കപ്പെട്ടിരുന്നു.

ലണ്ടനിലും വാരാണസിയിലുമായി ജീവിതം കഴിക്കുന്ന മാർക്ക് തന്റെ ഗവേഷണത്തിന്റെ ഭാഗമായിത്തന്നെ കേരളത്തിൽ വന്നിരുന്നു. കശ്മീർ ശൈവിസത്തിലെ ആരാധനാമൂർത്തിയായ കാലസംഘർഷി അഥവാ മഹാചണ്ഡയോഗേശ്വരിയെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച്‌ അറിഞ്ഞായിരുന്നു ഈ യാത്ര. വാഗമണ്ണിലെ അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ് എന്ന ഗവേഷണസ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. ആർ രാമാനന്ദിനൊപ്പം കേരളത്തിലെ പതിമ്മൂന്ന് ദേവീക്ഷേത്രങ്ങളിൽ മാർക്ക് സന്ദർശനം നടത്തി. ഈ യാത്രയ്ക്കിടെ നടത്തിയ സംഭാഷണത്തിന്റെ സംക്ഷിപ്‌തരൂപമാണിത്‌.

 1951-ൽ സെൻട്രൽ ലണ്ടനിൽ ജനിച്ച താങ്കൾ പതിനെട്ടാംവയസ്സിൽ ഇന്ത്യയിലേക്ക് പോരാൻ തീരുമാനിച്ചതെങ്ങനെയാണ് 

പത്താം വയസ്സിലോ മറ്റോ ആണ്‌ നൊബേൽജേതാവായ റുഡ്യാഡ് കിപ്ലിങ്ങിന്റെ കിം എന്ന നോവൽ ഞാൻ വായിക്കുന്നത്. അതിൽനിന്ന് ഇന്ത്യയെക്കുറിച്ച് ചില ധാരണകളുണ്ടായി. ജീവിതത്തിലെ എല്ലാ ആനന്ദങ്ങളും അനുഭവിച്ചുകൊണ്ടിരുന്നകാലമായിരുന്നു എന്റെ കൗമാരം. എന്നാൽ, എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ജീവിതത്തിന്റെ അർഥമെന്തെന്ന ചിന്തയായിരുന്നിരിക്കണം കാരണം. സ്കൂൾ പഠനകാലത്തുതന്നെ വിവേകാനന്ദനെയും ശ്രീരാമകൃഷ്ണ പരമഹംസരെയും ബുദ്ധിസത്തെയും യോഗയെയും കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻതുടങ്ങിയിരുന്നു. പിന്നെ വേദാന്തപാഠങ്ങളും ഭഗവദ്ഗീതയും വായിച്ചു. അങ്ങനെ ഇന്ത്യയിൽവന്ന് ഒരു ഗുരുവിനെ കണ്ടെത്തണമെന്ന ആഗ്രഹം നിയന്ത്രിക്കാൻപറ്റാത്തതായിത്തീർന്നു.

 ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു

എനിക്ക് പതിനെട്ടുവയസ്സുള്ളപ്പോൾ 1969-ലായിരുന്നു അത്. വിസയൊക്കെ സംഘടിപ്പിച്ച് കരമാർഗം ബസിലും ട്രെയിനിലുമൊക്കെയായിരുന്നു ലണ്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര. മേയിൽ തുർക്കി, ഇറാൻ, അഫ്‌ഗാനിസ്താൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്തി. അമൃത്സറിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറി. ഞാൻ അന്നേവരെ അനുഭവിച്ചിട്ടില്ലാത്തവിധം കടുത്തചൂടായിരുന്നു ട്രെയിനിൽ. ഇടയ്ക്കുവെച്ച്് ഏതോ സ്റ്റേഷനിൽ നിർത്തിയപ്പോൾ കുറച്ചു വെള്ളംവാങ്ങാൻ പുറത്തിറങ്ങി. തിരിച്ചുകയറിയപ്പോൾ എന്റെ ബാഗ് കാണാനില്ല. പാസ്പോർട്ട് ഉൾപ്പെടെ എല്ലാം നഷ്ടമായി. ഡൽഹിയിലെത്തി അന്വേഷിച്ചുനടന്ന് ഒരു ആശ്രമത്തിൽ അഭയംതേടി. കുറച്ചുദിവസം അവിടെ താമസിച്ച് ഹരിദ്വാറിലേക്ക് പോയി. കുറച്ചുകാലം അവിടെയുള്ള ആശ്രമങ്ങളിലൊക്കെ താമസിച്ച് സന്ന്യാസജീവിതം പരിചയപ്പെട്ടു. ഏതാനും മാസങ്ങൾക്കുശേഷം ലണ്ടനിലേക്ക് തിരിച്ചുപോയി. അതായിരുന്നു എന്റെ ആദ്യ ഇന്ത്യൻ അനുഭവം.

 പിന്നെ ഇന്ത്യയിലേക്ക് വന്നതെപ്പോഴാണ് 

അടുത്തവർഷം 1970-ൽ വീണ്ടും ഇന്ത്യയിൽ വന്നു.  ബനാറസ് ഹിന്ദു സർവകലാശാലയിൽ ഗോപിനാഥ് കവിരാജിന്റെ ശിക്ഷണത്തിൽ സംസ്കൃതവും വേദാന്തവും തന്ത്രവും പഠിച്ചു. ഒപ്പം ബുദ്ധാദിത്യ മുഖർജിയുടെ കീഴിൽ സിത്താറും അഭ്യസിക്കാൻ തുടങ്ങി. ബനാറസിൽനിന്ന് ഇന്ത്യൻ തത്ത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. അതിനകം കശ്മീർ ശൈവിസത്തിൽ ഞാൻ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. തിരിച്ച് ഇംഗ്ലണ്ടിൽച്ചെന്ന് ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിൽ ആ വിഷയത്തിൽ ഗവേഷണം നടത്തി. ആറുവർഷം കശ്മീരിൽ താമസിച്ച് സ്വാമി ലക്ഷ്മൺ ജൂ എന്ന ഗുരുവിന്റെ കീഴിൽ ശൈവിസം അഭ്യസിച്ചിരുന്ന ബ്രിട്ടീഷുകാരൻ അലക്സിസ് സാൻഡേഴ്‌സനായിരുന്നു എന്റെ ഗൈഡ്. ഓക്സ്ഫഡിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. അതിനുവേണ്ടി ഞാൻ തയ്യാറാക്കിയിരുന്ന പ്രബന്ധം ദ ഡോക്ടറീൻ ഓഫ് വൈബ്രേഷൻ എന്നപേരിൽ പുസ്തകമായിപ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന് യൂറോപ്പിലും അമേരിക്കയിലും ലഭിച്ച സ്വീകരണം എന്നെ അദ്ഭുതപ്പെടുത്തി.

ഇന്ത്യൻ താന്ത്രികശാഖയെക്കുറിച്ചുള്ള പഠനം തുടർന്നു അല്ലേ 

പഠിക്കുംതോറും ഇന്ത്യൻ തത്ത്വചിന്തയിലും വേദാന്തത്തിലുമെല്ലാം താത്പര്യം വർധിച്ചുവന്നു. 1975-ൽ കശ്മീരിൽപ്പോയി സ്വാമി ലക്ഷ്മൺ ജൂവിന്റെ കീഴിൽ ഗവേഷണം ആരംഭിച്ചു. അതിനിടയിൽ ഇന്ത്യയിൽവെച്ചുതന്നെ വിവാഹം കഴിച്ചു. ഇന്ത്യൻ തത്ത്വചിന്തയിലൊക്കെ താത്പര്യമുള്ള ഇറ്റലിക്കാരിയായിരുന്നു വധു. എന്റെ ഗൈഡായിരുന്ന സാൻഡേഴ്സൻ വിവാഹസമ്മാനമായി തന്നത് രണ്ട് പുസ്തകങ്ങളായിരുന്നു. അതിലൊന്ന് കുബ്ജികാ തന്ത്രത്തെക്കുറിച്ചായിരുന്നു. അത് വായിച്ചപ്പോൾ കൂടുതൽ അറിയാനുള്ള ആകാംക്ഷതോന്നി. കുബ്ജിക ദേവിയെ ആരാധിക്കുന്ന ആളുകളുള്ളത് നേപ്പാളിലാണ്. അവിടെ ചെന്നപ്പോൾ മനസ്സിലായി രഹസ്യസ്വഭാവമുള്ള ആരാധനാപദ്ധതിയാണതെന്ന്. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിൽ റിസർച്ച് അസോസിയേറ്റായി ചേർന്ന് കുബ്ജികാ ദേവിയെക്കുറിച്ച് പഠിക്കാൻതുടങ്ങി. ഒട്ടേറെത്തവണ നേപ്പാളിൽ പോയി. കുബ്ജിക തന്ത്രയെക്കുറിച്ചുള്ള വളരെ രഹസ്യസ്വഭാവമുള്ള ഒരുപാട് രേഖകൾ കണ്ടെത്തി വിവർത്തനംചെയ്ത് ടൈപ്പിസ്റ്റുകളെവെച്ച് ടൈപ്പുചെയ്തെടുത്തു. കുബ്ജികാ പദ്ധതിയെ ആസ്പദമാക്കി മന്ഥാനഭൈരവതന്ത്രം എന്നപേരിൽ എന്റെ കമന്ററി ഉൾപ്പെടെ പതിന്നാല് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

placeholder
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മാര്‍ക്ക് ഡിച്ചോക്‌സ്‌കി, സ്വാമി ലക്ഷ്മൺ ജൂ | Photo: Mathrubhumi

 കേരളത്തിൽ വരാൻ കാരണമെന്താണ് 

കശ്മീർ ശൈവിസത്തിന് കേരളവുമായി വലിയ ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.  യാമളവിഭാഗത്തിൽപ്പെടുന്ന തന്ത്രങ്ങളിൽ പറഞ്ഞിരിക്കുന്ന കാലസങ്കർഷിണി അഥവാ മഹാചണ്ഡയോഗേശ്വരി ശിവനും മുകളിലുള്ള ശക്തിയാണെന്ന് കശ്മീർ ശൈവിസത്തിൽ വിശ്വസിക്കപ്പെടുന്നു. അഭിനവഗുപ്തൻ അതു പറയുന്നുണ്ട്. ഇവിടെ കേരളത്തിൽ കാലസങ്കർഷിണിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. ഭദ്രകാളിയെന്നാണ് വിശ്വാസികൾ കാലസങ്കർഷിണിയെ വിശേഷിപ്പിക്കുന്നത്. അത്തരത്തിലുള്ള പതിമ്മൂന്ന് ക്ഷേത്രങ്ങളിൽ ഞാനിവിടെ ദർശനം നടത്തി. കണ്ണൂരിലെ മാടായിക്കാവ്, കോഴിക്കോട്ടെ വളയനാട് ദേവീക്ഷേത്രം, പിഷാരികാവ്, പള്ളിപ്പുറത്തെ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം, കാസർകോട്‌ നീലേശ്വരത്തെ മന്നംപുറത്ത്‌കാവ്‌, ഇരിക്കൂർ മാമാനം ശ്രീ മഹാദേവിക്ഷേത്രം, കളരിവാതുക്കൽ ഭഗവതിക്ഷേത്രം, കൂത്തുപറമ്പ്‌ തിരുവഞ്ചേരിക്ഷേത്രം, കോഴിക്കോട്‌ ജില്ലയിലെ എടച്ചേരി കളിയാംവള്ളി ഭഗവതിക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്ന്‌ക്ഷേത്രം, കൊടുങ്ങല്ലൂർക്ഷേത്രം, തിരുവല്ല മൂത്തൂർ ഭദ്രകാളിക്ഷേത്രം, പരുമല വലിയ പനയന്നാർക്കാവ്‌ ദേവീക്ഷേത്രം എന്നിവയാണ്‌ അവ.

 സ്വാമി ലക്ഷ്മൺ ജൂവുമായുള്ള സഹവാസമാണ് താങ്കളെ മാറ്റിമറിച്ചതെന്ന് പറഞ്ഞുവല്ലോ 

എന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ഞാനദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ആറുമാസം അദ്ദേഹത്തിനൊപ്പം താമസിച്ചു. അദ്ദേഹത്തിന്റെ സംസാര രീതി, ആശയവിനിമയത്തിലുള്ള കഴിവ് അപാരമാണ്. താന്ത്രികം പോലുള്ള സങ്കീർണമായ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കണമെങ്കിൽ അതിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് വേണം. സ്വാമിജി അത് അവതരിപ്പിച്ച ശൈലി ആകർഷകമായിരുന്നു. ഞാനദ്ദേഹത്തെയാണ് മാതൃകയാക്കുന്നത്. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഞാനെന്റെ ഹൃദയത്തിലേക്ക് നോക്കും. എന്നിട്ട് മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും. ഇത്തരം സങ്കീർണമായ അറിവുകൾ പകരുന്നതിനുള്ള മാർഗം അതാണ്.

കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള പാഠങ്ങൾ പകർന്നു നൽകാൻ കെൽപ്പുള്ള ഗുരു ഇപ്പോൾ താങ്കൾ മാത്രമാണല്ലേ 

അല്ല, ഞാൻ ഗുരുവല്ല. ഞാനൊരിടത്ത് ഇരുന്ന് ശിഷ്യർ എന്നെ ആരാധിക്കുന്ന രീതി എനിക്ക് ആലോചിക്കാനേ വയ്യ. അത് എന്നിൽ അഹങ്കാരം ഉണ്ടാക്കും. എന്നെ നശിപ്പിച്ചുകളയും. അങ്ങനെ മറ്റുള്ളവർക്ക് അറിവ് പകർന്നുകൊടുക്കണമെന്ന് എന്റെ ഗുരു എന്നോട് പറഞ്ഞിട്ടുമില്ല. എന്റെ ജോലി നേരത്തേ പറഞ്ഞ പോലെ കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള അറിവുകൾ സംരക്ഷിച്ചു നിർത്തുക മാത്രമാണ്. തിരിഞ്ഞും മറിഞ്ഞും നോക്കാതെ എന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകമാത്രമാണ് ഞാൻ. പിന്നെ കശ്മീർ ശൈവിസം ആളുകൾ ജീവിതത്തിൽ പിന്തുടരണമെന്ന് ഞാൻ പറയില്ല. എന്നാൽ, ആ അറിവുകൾ സൂക്ഷിച്ചുവെക്കണം. അതിനാണ് പരിശ്രമിക്കുന്നത്.

ശൈവിസത്തെയും താന്ത്രികത്തെയും കുറിച്ച് കുറെയധികം പുസ്തകങ്ങൾ രചിച്ചുവല്ലോ

അത് അറിവുകൾ സംരക്ഷിച്ചുവെക്കുന്നതിന് വേണ്ടിയാണ്. അഭിനവഗുപ്തന്റെ തന്ത്രാ ലോകത്തിന്റെ വ്യാഖ്യാനമൊക്കെ വളരെ ബുദ്ധിമുട്ടി നിർവഹിച്ചതാണ്. അതൊക്കെ ആരെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്ന് എനിക്കുതോന്നി. ഇന്ത്യയിലെ വേദങ്ങൾ, വേദാന്തം, സാംഖ്യം, മീമാംസ ഇതെല്ലാം ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതേസമയം തത്ത്വചിന്താപരവുമാണ്‌.

ദൈവത്തിലേക്കെത്താനുള്ള വഴിയാണല്ലോ ഇത്തരം വിശ്വാസങ്ങൾ 

ഏത് രീതിയിലാണെങ്കിലും നിങ്ങൾക്ക് ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ ഭാഗ്യവാനാണ്. അത് വെറുമൊരു അനുഭവം മാത്രമാവില്ല. അത്‌ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. നിങ്ങൾ ജീവിക്കുന്ന രീതിയും ജീവിതത്തെ കാണുന്ന രീതിയും നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറും. കാര്യങ്ങളിൽ വ്യക്തതവരും, ലക്ഷ്യബോധമുണ്ടാവും. കശ്മീർ ശൈവിസം എനിക്കതിനുള്ള വഴിയാണ്.

മന്ഥാനഭൈരവ തന്ത്രം പോലുള്ള ബൃഹദ്ഗ്രന്ഥ പരമ്പരകൾ വേറെയും മാർക്ക് രചിച്ചിട്ടുണ്ട്. ബനാറസ് ഹിന്ദു സർവകലാശാലയിൽ കോമൺവെൽത്ത് സ്കോളർ എന്ന നിലയിൽ ഗവേഷണം തുടർന്നകാലത്ത് അഭിനവഗുപ്തന്റെ തന്ത്രാലോകത്തിന്റെ രേഖകളും വ്യാഖ്യാനങ്ങളും അദ്ദേഹംതന്നെ കണ്ടത്തി. തന്ത്രാലോകത്തിന് മുൻപ്‌ രചിക്കപ്പെട്ട വ്യാഖ്യാനങ്ങൾക്കൊപ്പം സ്വന്തം വ്യാഖ്യാനങ്ങൾകൂടി ചേർത്ത് പതിന്നാല് വാല്യങ്ങളുള്ള മറ്റൊരു പുസ്തകപരമ്പര പ്രസിദ്ധീകരിച്ചു. ഗവേഷണത്തിനായി വാരാണസിയിൽ താമസിക്കുന്ന സമയത്ത്‌ ഓമിർ ഭട്ടാചാര്യ എന്ന ഗുരുവിന്റെ കീഴിൽ സിത്താറിന്റെ പാഠങ്ങൾ അഭ്യസിച്ച മാർക്ക്, സിത്താറിന്റേതായി 1500-ലധികം നോട്ട്സുകൾ കണ്ടെത്തി സൂക്ഷിക്കുന്നുണ്ട്. രണ്ടു മക്കളുണ്ട് മാർക്കിന്. മൂത്ത മകൻ ലണ്ടനിൽ ത്രിഡി ഗ്രാഫിക്സ് ഡിസൈനറാണ്. മകൾ ആരോഗ്യമേഖലയിലും ജോലിചെയ്യുന്നു.