ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് പുറത്തുവന്ന ശേഷം ബോളിവുഡ് താരങ്ങളുടെ പ്രതികരണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ നടൻ മനോജ് ബാജ്‌പേയിയും ഈ വിഷയത്തിൽ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മനോജ് തന്റെ നിലപാട് അറിയിച്ചത്.
"ഈ മൃഗങ്ങൾ തെരുവുകൾ തിരഞ്ഞെടുത്തതല്ല, അവ അനുകമ്പ അർഹിക്കുന്നു. ആളുകൾക്കും സുരക്ഷിതത്വം അനുഭവിക്കാൻ അർഹതയുണ്ട്, മുന്നോട്ടുള്ള വഴി സഹാനുഭൂതിയിലൂടെയായിരിക്കണം. ഭയം കാരണം ഒരു നായയുടെ വിധി തീരുമാനിക്കരുത്"- എന്നാണ് മനോജ് ബാജ്‌പേയി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഓഗസ്റ്റ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ വർധിച്ച തെരുവുനായശല്യം ഇല്ലാതാക്കാനും പ്രദേശങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കോടതി അധികാരികളോട് നിർദ്ദേശിച്ചിരുന്നു. പിടികൂടുന്ന മൃഗങ്ങളെ തിരികെ തെരുവുകളിലേക്ക് വിടരുതെന്നും വിധിയിൽ പരാമർശിച്ചിരുന്നു. എന്നാൽ വിധി പുറത്തുവന്ന ശേഷം ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും മൃഗസ്‌നേഹികളുടെയും അവകാശ സംഘടനകളുടെയും പ്രതിഷേധമുയരുകയായിരുന്നു.
ആദാ ശർമ്മ, വരുൺ ധവാൻ, ജാൻവി കപൂർ, രവീണ ടണ്ടൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളും ഈ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടു. തിരിച്ചടിയെത്തുടർന്ന്, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിർദ്ദേശത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിധി പറയാൻ മാറ്റി. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
തുടക്കത്തിൽ, ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഉത്തരവിനെ എതിർക്കുന്നത് 'ഉച്ചത്തിൽ ശബ്ദിക്കുന്ന ഒരു ന്യൂനപക്ഷം' ആണെന്നും, നടപടിയെ പിന്തുണയ്ക്കുന്നത് 'നിശബ്ദമായി സഹിക്കുന്ന ഭൂരിപക്ഷം' ആണെന്നും വാദിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ നിരത്തി, 2024-ൽ 37 ലക്ഷം പേർക്ക് നായയുടെ കടിയേറ്റതായും 305 പേർ പേവിഷബാധയേറ്റ് മരിച്ചതായും ഇതിൽ ഭൂരിഭാഗവും പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു.
Content Highlights: Actor Manoj Bajpayee has shared his thoughts on supreme courts verdict on stray dogs issue
Published: 19 Aug 2025, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented