വിവാഹമോചനത്തിനുശേഷം സ്ത്രീകൾ നിരന്തരം നേരിടുന്ന വിവേചനങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മലൈക അറോറ. പുരുഷന്മാർ വിവാഹമോചനത്തിനുശേഷം അഭിനന്ദിക്കപ്പെടുമ്പോൾ സ്ത്രീകൾക്ക് അങ്ങനെയല്ലെന്നും ഇതൊരുതരം ഇരട്ടത്താപ്പാണെന്നും മുംബൈയിൽ വച്ചുനടന്ന പരിപാടിയിൽ മലൈക പറഞ്ഞു.
കരുത്താർന്നവരായി തുടരുന്നതിന്റെ പേരിൽ സ്ത്രീകളെ മുൻവിധിയോടെ കാണുന്നുവെന്നും മലൈക പറഞ്ഞു. തന്റെ ജീവിതത്തിൽ താനെന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതിൽ കുറച്ച് പുരുഷന്മാർ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പുരുഷൻ വിവാഹമോചനം ചെയ്താലും തന്നേക്കാൾ പകുതിപ്രായമുള്ള ആളെ വിവാഹം കഴിച്ചാലും, എന്തൊരു മനുഷ്യൻ എന്നുപറഞ്ഞ് പ്രശംസിക്കും. പക്ഷേ അതേകാര്യം സ്ത്രീ ചെയ്താൽ തെറ്റാവുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള സ്റ്റീരിയോടൈപ്പുകൾ നിർത്തലാക്കേണ്ട സമയം കഴിഞ്ഞുവെന്നും മലൈക പറയുന്നു.
വിവാഹബന്ധം വേർപ്പെടുത്താനുള്ള തന്റെ തീരുമാനത്തെ ചിലർ സ്വാർഥതയെന്ന് മുദ്രകുത്തിയെന്ന് മലൈക നേരത്തേ പറഞ്ഞിട്ടുണ്ട്. വിവാഹം എന്നേക്കും നിലനിൽക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിനർഥം പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നോ താൻ ചെയ്തത് വലിയ തെറ്റാണെന്നോ അല്ല. തന്റെ തീരുമാനം മറ്റുള്ളവർക്ക് സ്വാർഥതയായി തോന്നാമെന്നും എന്നാൽ ആ തീരുമാനമാണ് തന്നെ മികച്ച വ്യക്തിയാകാൻ സഹായിച്ചതെന്നും മലൈക പറഞ്ഞിരുന്നു.
മലൈകയുടെ സ്വകാര്യജീവിതം നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 2016-ൽ നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിനു പിന്നാലെ മലൈക ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഏകദേശം ഇരുപതുവർഷം നീണ്ട ദാമ്പത്യത്തിനുശേഷമാണ് മലൈകയും അർബാസും വിവാഹമോചിതരാകുന്നത്. ഇരുവർക്കും അർഹാൻ എന്ന മകനുമുണ്ട്.
പിന്നാലെ തന്നേക്കാൾ പ്രായം കുറഞ്ഞ നടൻ അർജുൻ കപൂറുമായുള്ള പ്രണയബന്ധം തുറന്നുപറഞ്ഞതിന്റെ പേരിലും മലൈകയ്ക്ക് ക്രൂരവിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. വർഷങ്ങൾനീണ്ട പ്രണയബന്ധത്തിനൊടുവിൽ അടുത്തിടെ മലൈകയും അർജുനും വേർപിരിയുകയും ചെയ്തിരുന്നു.
2023-ൽ അർബാസ് മേക്കപ്പ്ആർട്ടിസ്റ്റായ ഷൂരാ ഖാനെ വിവാഹം കഴിക്കുകയും ഇരുവർക്കും ഈവർഷം സിപാറാ ഖാൻ എന്ന മകൾ പിറക്കുകയും ചെയ്തു.
Content Highlights: Bollywood actress Malaika Arora speaks out against the societal double standards faced by divorced women.
Published: 05 Dec 2025, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented