പറവൂർ: 'യൂസഫലി, തങ്കം സർ അവര്' പറവൂരിൽ ബാങ്ക് ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലായ സന്ധ്യയ്ക്കും കുഞ്ഞുങ്ങൾക്കും കൈത്താങ്ങായെത്തിയ എം.എ. യൂസഫ് അലിയെ പ്രശംസ കൊണ്ട് മൂടുകയാണ് സൈബറിടം. 'മനുഷ്യ സ്നേഹമാണു ഏറ്റവും വലിയ സമ്പത്തെന്നും പാവങ്ങൾക്ക് കൊടുക്കുംതോറും ദൈവം തുണച്ചുകൊണ്ടേയിരിക്കും' എന്നും സൈബറിടങ്ങളിൽ പ്രശംസാ വാക്കുകൾകൊണ്ട് മൂടുന്നു. 

To advertise here,

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് സന്ധ്യയുടെ വീട് ജപ്തിചെയ്തത്. സന്ധ്യയേയും രണ്ട് കുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി കടബാധ്യത തീർക്കാൻ മുന്നോട്ടുവരികയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ലുലു അധികൃതരെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ധനകാര്യ സ്ഥാപനത്തിൽ അടയ്ക്കേണ്ട പലിശ ഉൾപ്പെടെയുള്ള കുടിശ്ശിക തുകയായ 8.25 ലക്ഷം രൂപ ചൊവ്വാഴ്ച അടയ്ക്കുമെന്ന് ഉറപ്പും നൽകി.

വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കണ്ണേഴത്ത് വീട്ടിൽ സന്ധ്യയും പന്ത്രണ്ടും ഏഴും വയസ്സുള്ള മക്കളുമാണ് ധനകാര്യ സ്ഥാപനത്തിന്റെ നടപടിമൂലം ബുദ്ധിമുട്ടിലായത്. ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ അഞ്ചുവർഷം മുൻപാണ് നാലുലക്ഷം രൂപ ഇവർ വായ്പ എടുത്തത്. മടപ്ലാതുരുത്തിൽ ഭർത്താവിന്റെ പേരിലുള്ള 4.8 സെന്റിലാണ് വീടുപണി തുടങ്ങിയത്. നിർമാണ സാമഗ്രികളുടെ വിലവർധന മൂലം പണി പൂർത്തിയാകാത്തതിനെ തുടർന്നാണ് സന്ധ്യയുടെ പേരിൽ വായ്പയെടുത്തത്. 2 വർഷം ഇത് മുടങ്ങാതെ തിരിച്ചടച്ചു. പറവൂരിലെ തുണിക്കടയിലാണ് സന്ധ്യക്ക്‌ ജോലി.

2021-ൽ ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ വായ്പക്കുടിശ്ശിക പെരുകി.തിങ്കളാഴ്ച ധനകാര്യ സ്ഥാപന അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി അടഞ്ഞുകിടന്ന വീടിന്റെ താഴ് തകർത്ത് മറ്റൊരു താഴിട്ടുപൂട്ടി. യുവതി ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികൾ സ്‌കൂളിലായിരുന്നു. മുൻകൂട്ടി അറിയിക്കാതെ ജപ്തി ചെയ്തതറിഞ്ഞ് കുട്ടികളെയും കൂട്ടി ഇവർ വീട്ടിലെത്തി.

മരുന്ന് ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ പൂട്ടിയിട്ട വീട്ടിനുള്ളിലായിരുന്നു. എങ്ങോട്ടു പോകുമെന്നറിയാതെ കിടപ്പിടത്തിനു മുന്നിൽ തരിച്ചിരുന്ന അമ്മയുടെയും മക്കളുടെയും ദുരവസ്ഥ വാർത്തയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രശ്നത്തിലിടപെടുകയും യുവതിയെയും കുഞ്ഞുങ്ങളെയും വീട്ടിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ധനകാര്യ സ്ഥാപനത്തോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞതോടെ ലുലു ഗ്രൂപ്പ് സഹായഹസ്തവുമായി രംഗത്തെത്തി.

അപ്പോഴേയ്ക്കും ധനകാര്യസ്ഥാപനം പൂട്ടിപ്പോയിരുന്നു. പിന്നീട് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ ഇവർ വാതിൽ തുറന്നുകൊടുത്തു. സന്ധ്യയോടെ അമ്മയും കുഞ്ഞുങ്ങളും അകത്തുകയറി. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ സ്ഥാപനം ഒരു കുടുംബത്തെ വഴിയാധാരമാക്കിയ നടപടിയിൽ പ്രദേശവാസികൾ പ്രതിഷേധം പ്രകടിപ്പിച്ചു.