ഴിഞ്ഞ മാര്‍ച്ചിലാണ് നടനും അവതാരകനുമായ മിഥുന് ബെല്‍സ് പള്‍സി രോഗം ബാധിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മികച്ച ചികിത്സയിലൂടെ മിഥുന്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു.

To advertise here,

ഇപ്പോഴിതാ കുടുംബത്തോടൊപ്പം തിരുപ്പതി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മിഥുന്‍. അന്ന് രോഗം ബാധിച്ച നാളുകളില്‍ ഭാര്യ ലക്ഷ്മി മേനോന്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായി ലക്ഷ്മിയുടെ മുടി തിരുപ്പതിയില്‍ നല്‍കാനാണ് മിഥുന്‍ എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിഞ്ചു കുട്ടി മൊട്ട കുട്ടി ആയെന്നും ഇതില്‍കൂടുതല്‍ താന്‍ എന്താണ് ലക്ഷ്മിയോട് ചോദിക്കേണ്ടതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ മിഥുന്‍ പറയുന്നു. 

'മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്.പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്.അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. 

ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് ചോദിക്കാന്‍ കഴിയും. സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി. സ്‌നേഹത്തിലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു'- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പില്‍ മിഥുന്‍ പറയുന്നു. 

ഇതിന് താഴെ ലക്ഷ്മിയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ലക്ഷ്മിയോട് ബഹുമാനം മാത്രമേയുള്ളുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.