വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയോട് ലൈംഗികച്ചുവയുള്ള അശ്ലീല കമന്റുമായി ഒമ്പതുകാരന്‍. കനേഡിയന്‍ ടെലിവിഷന്‍ ചാനലായ സിറ്റിന്യൂസ് ടൊറന്റോയിലെ മാധ്യമപ്രവര്‍ത്തക മിഷേല്‍ മാക്കിക്കാണ് റിപ്പോര്‍ട്ടിങ്ങിനിടെ ദുരനുഭവമുണ്ടായത്. ഇതിന്റെ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 

To advertise here,

ഇന്റര്‍നെറ്റില്‍ കുപ്രസിദ്ധമായ ഒരു മീമില്‍ നിന്നുള്ള അശ്ലീല പ്രയോഗമാണ് ഒമ്പതുകാരന്‍ മാധ്യമപ്രവര്‍ത്തകയോട് നടത്തിയത്. കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നുവെന്ന് മിഷേല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ താന്‍ കണ്ട ഏറ്റവും ആശങ്കാജനകമായ കാര്യങ്ങളിലൊന്നാണ് ഇതെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'വാര്‍ത്താ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാന്‍ സാക്ഷ്യം വഹിച്ച ഏറ്റവും ആശങ്കാജനകമായ കാര്യങ്ങളിലൊന്നാണ് ഇത്. കാണാന്‍ എട്ടോ ഒമ്പതോ വയസ് തോന്നിക്കുന്ന ഒരുകുട്ടിയാണ് എന്നെ നോക്കി ഇങ്ങനെ ആക്രോശിച്ചത്. അവന്റെ അച്ഛനും ഒപ്പമുണ്ടായിരുന്നു. കുട്ടി ഇത് പറഞ്ഞശേഷം അവര്‍ ചിരിച്ചുകൊണ്ട് നടന്നുപോയി.' -വീഡിയോയ്‌ക്കൊപ്പം മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ അവരുടെ മുഖം ഞാന്‍ മറയ്ക്കുന്നു. ഇങ്ങനെ പറയുന്നത് പുരുഷനോടായാലും സ്ത്രീയോടായാലും അത് സ്ത്രീവിരുദ്ധതയെ സാധാരണവത്കരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായുണ്ട് എന്ന് കാണിക്കാനാണ് ഞാനിത് പങ്കുവെക്കുന്നത്. ഈ ഭയാനകമായ പ്രവണത അവസാനിച്ചുവെന്നാണ് ഞാന്‍ കരുതിയിരുന്നത്.' -മിഷേല്‍ കുറിച്ചു. 

കുട്ടിയുടെ കമന്റ് മാത്രമല്ല, കൂടെയുണ്ടായിരുന്ന മുതിര്‍ന്നയാളുടെ പ്രതികരണവും തന്നെ നടുക്കിയെന്ന് മിഷേല്‍ പിന്നീട് എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'എന്നെ ഒരു മനുഷ്യനായി കണ്ടുകൊണ്ട് ഒന്നുകൂടെ ആ കമന്റ് പറയാമോ എന്ന് അവരുടെ കണ്ണുകളില്‍ നോക്കി എനിക്ക് ചോദിക്കണമെന്നുണ്ട്. അവര്‍ചിരിച്ചുകൊണ്ട് എന്റെ നേരെ 'തംസപ്പ്' കാണിച്ചുകൊണ്ട് നടന്നുനീങ്ങുകയാണ് ചെയ്തത്. നിങ്ങള്‍ക്കിതൊരു തമാശയായിരിക്കും. പക്ഷേ ആ വാക്കുകളുടെ അര്‍ഥം എന്താണെന്ന് അറിയാമോ? നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളോട് ഇങ്ങനെ പറയുമോ?' -മിഷേല്‍ പറഞ്ഞു. മിഷേലിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചയായിരിക്കുകയാണ്.