ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ കണക്കെടുത്താൽ അരക്ഷിതബാല്യവും പേറി ദുരിത ജീവിതം നയിക്കുന്നവർ ഏറെയാണ്. കാലമിത്ര പുരോ​ഗമിച്ചിട്ടും പെൺകുട്ടികൾക്കു നേരെയുള്ള വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും ഇന്നും കുറവില്ല. ഈ സാഹചര്യത്തിൽ പ്രസക്തമാവുകയാണ് അന്താരാഷ്ട്ര ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരേ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 

To advertise here,

മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിര്‍ണായകമായ ഘടകമാണ് പെൺകുട്ടികൾ. അതേസമയം, ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളുടെയും ബാലവേലയുടെയും  ഇരകള്‍ കൂടുതലും പെണ്‍കുട്ടികളാണ്. 

പെണ്‍കുട്ടികളുടെ ദിനമായി ഒക്ടോബര്‍ 11 ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത്  2011ലാണ്. 2012ല്‍ ആദ്യ  ദിനം ആഘോഷിച്ചു. ബാലവിവാഹം അവസാനിപ്പിക്കുക എന്നതായിരുന്നു ആ ദിവസത്തെ മുദ്രാവാക്യം. ഓരോ വർഷവും വ്യത്യസ്ത തീം അനുസരിച്ചാണ് പെൺകുട്ടികളുടെ ദിനം ആചരിക്കപ്പെടുന്നത്. ഇക്കൊല്ലം അത് എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി എന്നതാണ്.  

ഒപ്പം ലിം​ഗപരമായ അതിക്രമങ്ങളിൽ നിന്ന് മോചനം നേടുന്നതിനും എയ്ഡ്സ് തുടങ്ങിയ വ്യാധികളിൽ നിന്നും മുക്തമായ ജീവിതം നയിക്കുന്നതിന് വേണ്ടിയും നല്ല ഭാവിക്കു വേണ്ട പുതിയ കഴിവുകൾ പഠിച്ചെടുക്കുക്കുന്നതിനും സാമൂഹിക മാറ്റം ത്വരിതപ്പെടുത്തുന്ന തലമുറയുടെ പ്രവർത്തകരാവുകുന്നതിനും പെൺകുട്ടികളെ നയിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു.

ലിംഗ വിവേചനമാണ് പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം. വിദ്യാഭ്യാസമടക്കമുളള അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ശൈശവ വിവാഹവും ശാരീരിക പീഡനങ്ങളും ബാലവേലയും അവരില്‍ നിന്നും ബാല്യത്തിന്റെ ഇളംവര്‍ണ്ണങ്ങള്‍ തുടച്ചുമാറ്റുന്നു. ചിലപ്പോള്‍ അന്ധവിശ്വാസത്തിന്റെ ഇരുട്ടില്‍ ജീവന്‍ തന്നെ ഹോമിക്കേണ്ടി വരുന്നു.

സമൂഹത്തിന്റെ അനുഗ്രഹമായ പെണ്‍കുട്ടികള്‍ക്കു വേണ്ടി നാമോരോരുത്തര്‍ക്കും എന്തു ചെയ്യാനാകുമെന്ന് ഈ ദിനത്തില്‍ ഒന്നുകൂടി ചിന്തിച്ചുറപ്പിക്കാം. ദിനത്തിന്റെ അര്‍ത്ഥത്തെ അന്വര്‍ത്ഥമാക്കാം.

Content Highlights: International Girl Child Day 2020