കൊച്ചി: ഡാന്‍സ് ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ ചേര്‍ന്നപ്പോള്‍ കിട്ടിയത് ഒരു അഡാര്‍ പെര്‍ഫോമന്‍സ്. ക്ലാസിക്കല്‍ വിത്ത് കണ്ടംപററി ഡാന്‍സിന് ചുവടുവച്ച് വൈറലായ ഡാന്‍സിങ് ജോഡികളെ തിരയുകയാണ് സാമൂഹിക മാധ്യമങ്ങള്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അഖില്‍ ഹുസൈനും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ എസ്. ഗൗരി നന്ദനയുമാണ് നൃത്തംചെയ്ത് അമ്പരപ്പിച്ചത്. പാട്ടിന്റെ ഒഴുക്കിനൊത്തുള്ള ഇവരുടെ നൃത്തച്ചുവടുകള്‍ കണ്ണെടുക്കാതെ കാണുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

To advertise here,

കൂട്ടിയിണക്കിയതും നൃത്തം

എസ്എച്ച് കോളേജിലെ ഡാന്‍സ് ക്ലബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുപേര്‍ക്കും നൃത്തത്തിലുളള കണക്ഷന്‍ കിട്ടിയതോടെ ബാക്കിയെല്ലാം കളറായി. യാദ് ലഗ് ലാ പാട്ടും - തഗ് ലൈഫ് എന്ന ചിത്രത്തിലെ പാട്ടും കോര്‍ത്തിണക്കി ഫുള്‍ പവറില്‍ ആയിരുന്നു ഇരുവരുടെയും പ്രകടനം.

എല്ലാ വര്‍ഷവും തുടര്‍ച്ചയായി ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം പരിപാടിയിലാണ് ഇരുവരും സാമൂഹിക മാധ്യമത്തില്‍ തരംഗമായി മാറിയ ആ നൃത്തം കാഴ്ചവെച്ചത്. രണ്ടുപേരും ചേര്‍ന്നാണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഷിഫാസ് സലീം, അതുല്‍ എന്നീ സീനിയര്‍ വിദ്യാര്‍ഥികളാണ് ഇരുവര്‍ക്കും കണ്ടംപററി സ്‌റ്റൈലില്‍ ട്രെയിനിങ് നല്‍കിയത്. 

15 ദിവസമാണ് നൃത്തം പഠിക്കാനായി എടുത്തത്. കോളേജ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലായിരുന്നു പ്രാക്ടീസ്.  റീല്‍സ് ചെയ്യണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. മികച്ച അഭിപ്രായം കൂടി ലഭിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വീഡിയോ രണ്ടുദിവസത്തിനകം കണ്ടത് 50 ലക്ഷത്തിലേറെപ്പേരാണ്.

വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല

'വീഡിയോ ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. കുറേ പോസിറ്റീവ് പ്രതികരണങ്ങള്‍ വരുന്നുണ്ട്. കുടുംബത്തില്‍നിന്നും ടീച്ചേഴ്‌സില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും കട്ടസപ്പോര്‍ട്ടാണ് ലഭിച്ചത്. നൃത്തം നന്നായിരുന്നെന്ന് എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം' -അഖില്‍ ഹുസൈന്‍ പറഞ്ഞു.

പോസിറ്റീവ് കമന്റ്‌സ് ഒണ്‍ലി

നെഗറ്റീവ് കമന്റ്‌സും കൂട്ടത്തില്‍ വരുന്നുണ്ട്. എന്നാല്‍ പോസിറ്റീവ് കമന്റ്‌സ് മാത്രമേ കണക്കിലെടുക്കുന്നുള്ളു. ബാക്കി ഒന്നിനെയും മൈന്‍ഡ് ചെയ്യുന്നില്ലെന്നാണ് ഗൗരി നന്ദന പറയുന്നത്. ഡാന്‍സ് വിടാന്‍ താത്പര്യമില്ല. പഠനത്തോടൊപ്പംതന്നെ ഡാന്‍സും തുടരുമെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ് അഖില്‍ ഹുസൈന്‍. ഇടപ്പള്ളി സ്വദേശിയാണ് എസ്. ഗൗരിനന്ദന.  ഇരുവരും കുട്ടിക്കാലം മുതലേ നൃത്തം പഠിക്കുന്നുണ്ട്. അഖില്‍ ഹുസൈന്റെ സഹോദരനും നൃത്തംചെയ്യും. ഗൗരിനന്ദനയുടെ അമ്മ ക്ലാസിക്കല്‍ നര്‍ത്തകിയാണ്.