2008-ലാണ് മലേഷ്യൻ രാജകുമാരനായ ടെങ്കു ഫക്രി ഇൻഡൊനീഷ്യൻ-അമേരിക്കൻ മോഡലായ മനോഹര ഒഡേലിയയെ വിവാഹം കഴിച്ചത്. അന്ന് മനോഹരയ്ക്ക് 16 വയസ് മാത്രം പ്രായമുള്ളതിനാൽ ഈ വിവാഹം ഏറെ വിവാദമായിരുന്നു. ദിവസവും ഭർത്താവ് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും ആരോപിച്ച് അവർ തൊട്ടടുത്ത വർഷംതന്നെ മലേഷ്യയിൽനിന്ന് സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇപ്പോഴിതാ ആ വിവാഹബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അവർ.
ആ വിവാഹം നിയമപരമായിരുന്നില്ലെന്നും തന്റെ സമ്മതത്തോടെ നടന്ന വിവാഹമല്ലെന്നും അവർ പറയുന്നു. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇപ്പോൾ 33-കാരിയായ അവർ കൂട്ടിച്ചേർക്കുന്നു. തന്നെക്കുറിച്ച് എഴുതുമ്പോൾ ഇപ്പോഴും രാജകുമാരന്റെ 'മുൻ ഭാര്യ' എന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മനോഹര വ്യക്തമാക്കുന്നു.
മലേഷ്യയിലെ കെലന്താൻ സംസ്ഥാനത്തിന്റെ സുൽത്താന്റെ മകനാണ് ടെങ്കു ഫക്രി. മനോഹര ഒഡേലിയയെ വിവാഹം കഴിച്ചശേഷം അവർ കെലന്താനിലാണ് താമസിച്ചത്. അന്ന് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായ താൻ കൊട്ടാരത്തിൽ തടവിലായിരുന്നുവെന്ന് മനോഹര വ്യക്തമാക്കിയിരുന്നത്. തന്റെ ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പുറത്തേക്കിറങ്ങാൻ പോലും പറ്റിയിരുന്നില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
2009-ൽ രാജകുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിലെ ഒരു ഹോട്ടലിൽനിന്ന് നാടകീയമായാണ് മനോഹര ഇൻഡൊനീഷ്യയിലേക്ക് രക്ഷപ്പെട്ടത്. അമ്മയുടെയും പ്രാദേശിക പോലീസിന്റെയും യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അവർ അന്ന് സ്വന്തം വീട്ടിലെത്തിയത്.
Content Highlights: indonesian model breaks silence on abusive royal marriage to malaysian prince
Published: 06 Jan 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented