ഇന്ത്യ വിട്ട് തായ്ലന്ഡിലേക്ക് താമസം മാറിയതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് യുവതി. നഗരങ്ങളിലെ വൃത്തിയും സുരക്ഷയും മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുമാണ് തായ്ലന്ഡ് ഇഷ്ടപ്പെടാന്‍ കാരണമെന്ന് യുവതി പറയുന്നു. കണ്ടന്റ് ക്രിയേറ്ററും കരിയര്‍ കണ്‍സള്‍ട്ടന്റുമായ ശ്രേയ മഹേന്ദ്രുവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബാങ്കോക്കിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും ശ്രേയ പറയുന്നു.
ഇന്ത്യയിലെ വീടും കാറും വിറ്റുവെന്നും ആ തീരുമാനം ശരിയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ഇന്ത്യയെ നിരാകരിക്കുകയല്ലെന്നും മറിച്ച് തനിക്കായി മെച്ചപ്പെട്ട ജീവിതം തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്തതെന്നും ശ്രേയ ചൂണ്ടിക്കാണിക്കുന്നു. തായ്ലൻഡ് തിരഞ്ഞെടുക്കാനുള്ള ഓരോ കാരണങ്ങളും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതില്‍ ഒന്നാമത്തേത് സമാധാനമാണ്. ബാങ്കോക്കിലെ ശാന്തമായ പ്രഭാതങ്ങളും ശുദ്ധവായുവും താന്‍ ആസ്വദിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെങ്കിലും അവിടെ ശാന്തമായ പ്രഭാതങ്ങളും ശുദ്ധവായുവും നടക്കാന്‍ സൗകര്യമുള്ള നഗരങ്ങളും ഇല്ലെന്ന് ശ്രേയ ചൂണ്ടിക്കാണിക്കുന്നു.
രണ്ടാമത്തെ കാരണം സുരക്ഷയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയെ അപേക്ഷിച്ച് തായ്ലന്ഡില് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് അവര്‍ പറയുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് തായ്ലന്ഡിലുള്ളവര് വില കല്പിക്കുന്നുണ്ടെന്നും അത് ദൈനംദിന ജീവിതം എളുപ്പമാക്കുന്നുവെന്നും ശ്രേയ വ്യക്തമാക്കുന്നു. തായ്ലന്ഡുകാര് സൗമ്യമായി സംസാരിക്കുകയും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാറില്ലെന്നും ശ്രേയ കൂട്ടിച്ചേര്‍ക്കുന്നു,
അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും തായ്ലന്ഡ് എത്രയോ മുന്നിലാണ്. ഇന്ത്യയെ അപേക്ഷിച്ച് തായ്ലന്ഡിലെ പൊതുഗതാഗതവും സര്‍ക്കാര്‍ ഓഫീസുകളും കൂടുതല്‍ കാര്യക്ഷമമാണ്. 'പൊതുഗതാഗതം നന്നായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വേഗത്തില്‍ മറുപടി ലഭിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ജീവിതത്തെ എളുപ്പമാക്കുന്നു.'-യുവതി പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. 'ഏകദേശം രണ്ട് വര്‍ഷമായി ഇവിടെ പഠിക്കുന്നു. എനിക്ക് ബാങ്കോക്ക് ഇഷ്ടമാണ്. പാചകത്തിന്റെയും വൃത്തിയാക്കലിന്റെയും കാര്യത്തില്‍ എനിക്ക് വീട് മിസ് ചെയ്യാറുണ്ട്. എന്നാല്‍ ആളുകള്‍ സ്വന്തം കാര്യം നോക്കുന്നത്, നമ്മുടെ നഗരങ്ങളേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം, നിങ്ങള്‍ പറഞ്ഞ മറ്റെല്ലാ കാര്യങ്ങളും ശരിയാണ്. വളരെയധികം സ്വാതന്ത്ര്യം തോന്നുന്നു. രാത്രി മൂന്ന് മണിക്ക് വേണമെങ്കില്‍ പോലും ആശങ്കയില്ലാതെ ഷോര്‍ട്സ് ഇട്ട് പുറത്തുപോകാം. ഒരു ക്യാബില്‍ ഇരുന്ന് പെട്ടെന്ന് ഉറങ്ങിപ്പോയാല്‍ എന്തുചെയ്യുമെന്നോര്‍ത്ത് വിഷമിക്കേണ്ട. കൂടാതെ, സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന രീതി കാണുമ്പോള്‍ എന്റെ ഹൃദയത്തിന് സന്തോഷം തോന്നുന്നു'-ഒരു ഉപയോക്താവ് കുറിച്ചു.
'സുരക്ഷയെയും തുറിച്ചുനോട്ടങ്ങളെയും കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. പുറത്തായിരുന്നപ്പോള്‍ പോലും ഞാനായിത്തന്നെ ഇരിക്കാന്‍ കഴിഞ്ഞത് എനിക്കിഷ്ടപ്പെട്ടു. എന്റെ സുരക്ഷയെക്കുറിച്ച് നിരന്തരം ആശങ്കപ്പെടേണ്ടി വന്നില്ല, അതൊരു വലിയ മനസ്സമാധാനമായിരുന്നു'- മറ്റൊരു ഉപയോക്താവിന്റെ കമന്റ് ഇങ്ങനെയാണ്. 'എന്നെ സംബന്ധിച്ച് തായ്ലന്ഡിലെ ജീവിതം ഇഷ്ടപ്പെടാനുള്ള ഏറ്റവും നല്ല കാരണങ്ങളിലൊന്ന് ഹോണ്‍ അടിക്കാത്തതാണ്. വളരെ വൃത്തിയും ചിട്ടയുമുള്ള നാട്'-മൂന്നാമതൊരാള്‍ കുറിച്ചു.
Content Highlights: indian woman lists reasons why she likes living in thailand
Published: 30 Nov 2025, 07:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented