അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ജെ അഞ്ജലിയെ വിമര്‍ശിച്ച് നടി ഗീതി സംഗീത. തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ ഫോണില്‍ വിളിച്ച് അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത് ഒരു തരത്തിലവും ന്യായീകരിക്കാനാവില്ലെന്ന് ഗീതി സംഗീത വ്യക്തമാക്കി. മാപ്പ് പറഞ്ഞ് അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിലൂടെയാണ് ഗീതി സംഗീത തന്റെ നിലപാട് വ്യക്തമാക്കിയത്. 

To advertise here,

ഒരു തവണ അധിക്ഷേപിച്ചിട്ട് അവര്‍ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനുശേഷം വീണ്ടും വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ഇനി ഓരോ കോള്‍ വരുമ്പോഴും പേടിയോടെയല്ലാതെ എങ്ങനെ ആ സ്ത്രീ കോള്‍ എടുക്കുമെന്നും നടി ചോദിക്കുന്നു. മീശ മാധവന്റെ പേര് പറഞ്ഞ് ന്യായീകരിക്കാനുള്ള അഞ്ജലിയുടെ തൊലിക്കട്ടി സമ്മതിക്കുന്നുവെന്നും ഗീതി സംഗീത കുറിച്ചു.

'ഷെയിം ഓണ്‍ യു, ആര്‍ജെ അഞ്ജലി. അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു?. നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?. അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കാള്‍ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും.

ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതില്‍ കൂടി എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഈ നാടകം.-ഗീതി സംഗീത കുറിച്ചു.

മെഹന്ദി ആര്‍ട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്ദി ഇടുന്നതുമായി ബന്ധപ്പെട്ട് മോശമായ രീതിയില്‍ സംസാരിച്ച അഞ്ജലിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അപമാനത്തിന് പിന്നാലെ സ്ത്രീ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അഞ്ജലിയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീണ്ടും അവരെ ഫോണില്‍ വിളിക്കാന്‍ ഇരുവരും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് അഞ്ജലിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തുവന്നതോടെ മാപ്പ് പറഞ്ഞ് അജ്‌ലി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ആരേയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അഞ്ജലി വീഡിയോയില്‍ പറയുന്നു. ഇനി തന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തി ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ആ വീഡിയോ എടുക്കുന്നതിന് തൊട്ടുമുമ്പ് മീശ മാധവനിലെ രംഗം തമാശരൂപേണ സംസാരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ ചിരിച്ചുകൊണ്ടാണ് വീഡിയോ എടുത്തതെന്നും അതല്ലാതെ ആരേയും മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.