ന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അനുഭവം ചര്‍ച്ചയാകുന്നു. അപകടത്തില്‍പെട്ട് റോഡില്‍ രക്തം വാര്‍ന്നുകിടന്നയാളെ ആശുപത്രിയിലെത്തിച്ച്‌
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അനുഭവമാണ് കിഷോര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അപകടസ്ഥലത്ത് കൂടിനിന്ന ആളുകള്‍ സഹായിക്കാന്‍ മടിച്ചപ്പോള്‍ സ്വന്തം മകന്‍ ഇന്ദ്രദത്ത് പരിക്കേറ്റ വ്യക്തിയെ മടിയില്‍ കിടത്തി തന്നോടൊപ്പം കാറില്‍ ഇരുന്നെന്നും കിഷോര്‍ പോസ്റ്റില്‍ പറയുന്നു.

To advertise here,

ജീവിതത്തില്‍ ആദ്യമായിട്ടാണ് മകന്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയതെന്നും അവന്റെ ആത്മവിശ്വാസവും ധൈര്യവുമാണ് അയാളുടെ ജീവന്‍ രക്ഷിച്ചതെന്നും കിഷോര്‍ വ്യക്തമാക്കുന്നു. 'അയാളെ മുറുകെപ്പിടിച്ച്‌ മകന്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു. എന്തുവന്നാലും പേടിക്കാതെ മുറുകെപ്പിടിച്ചോണം എന്ന് അവനോട് പറഞ്ഞു. ഇടയ്ക്ക് അയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ശരീരം മുഴുവന്‍ ഛര്‍ദ്ദിയും ചോരയുമായിട്ടും ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്ന അവന്റെ മുഖം ഞാന്‍ റിയര്‍വ്യൂ മിററിലൂടെ കണ്ടു.' കിഷോര്‍ പോസ്റ്റില്‍ പറയുന്നു.

അയാളുടെ പരിക്ക് പൂര്‍ണമായി സുഖമായെന്നും ആശുപത്രി വിട്ടെന്നുമുള്ള വാര്‍ത്ത ബന്ധുക്കളില്‍ നിന്ന് കേട്ടപ്പോള്‍ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്റെ ആഹ്‌ളാദമാണ് തനിക്കും മകനുമുണ്ടായതെന്നും കിഷോര്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രോ വോളിബോള്‍ ലീഗില്‍ കളിക്കുന്ന കാലിക്കറ്റ് ഹീറോസിന്റെ ഹെഡ് കോച്ച്‌ കൂടിയാണ് കിഷോര്‍ കുമാര്‍. 

കിഷോര്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് എന്റെ മകന്‍.പേര് ഇന്ദ്രദത്ത്. ഞങ്ങള്‍ കിച്ചു എന്ന് വിളിക്കും.കുറച്ചുദിവസം മുന്‍പ് ഞങ്ങള്‍ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാന്‍ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസില്‍ കാറുമെടുത്തു പോകുകയായിരുന്നു.വീടിന്റെ അടുത്ത് തന്നെ മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ചെറിയ ഒരാള്‍ക്കൂട്ടം.പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു .ഒരാള്‍ തല പൊട്ടി റോഡില്‍ കിടക്കുന്നു.തൊട്ടരികില്‍ ഒരു പയ്യന്‍ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു.അച്ഛനും മകനുമാണെന്നു തോന്നി.എന്തോ ബൈക്ക് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു.ഹെല്‍മെറ്റ് തലയില്‍ നിന്നൂരി തെറിച്ചു പോയിരിക്കുന്നു.ജീവന്‍ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല.ഞാന്‍ പറഞ്ഞു എല്ലാവരും ഒന്ന് പിടിച്ചേ.ഹോസ്പിറ്റലില്‍ കൊണ്ട് പോകാം.

കൂടി നിന്നവരെല്ലാവരും കൂടി എന്റെ കാറിലേക്ക് കയറ്റി.കൂടെ ആരും വന്നില്ല.ഞാനും മകനും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.ഞാന്‍ മകനോട് പറഞ്ഞു ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം.എന്ത് വന്നാലും വിടരുത് .എന്തെങ്കിലും സംഭവിച്ചാല്‍ പോലും പേടിക്കാതെ പിടിച്ചോണം.അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി.ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കല്‍ കോളേജ് ലക്ഷ്യമാക്കി ഒരൊറ്റപറക്കല്‍.പോകുന്ന പോക്കില്‍ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു വീട്ടില്‍ ആരെയെങ്കിലും വിളിക്കാന്‍ .പയ്യന്‍ ഭയങ്കര കരച്ചില്‍.വിളിച്ചു കിട്ടി .ഞാന്‍ ആരാണെന്നു ചോദിച്ചു അവന്റെ അമ്മയാണെന്ന് പറഞ്ഞു.ഞാന്‍ അവരോടു ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടെന്നും കോളേജിലേക്ക് ഉടന്‍ വരണമെന്നും പറഞ്ഞു.അവര്‍ പരിഭ്രാന്തയായി.ഞാന്‍ പറഞ്ഞു മകനോട് സംസാരിച്ചോളാന്‍.എന്നിട്ടു അവനോടു കരയാതെ സംസാരിക്കാന്‍ പറഞ്ഞു .അപ്പോള്‍ അച്ഛനെവിടെ എന്ന് ചോദിച്ചു .അച്ഛന് പുറകില് ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു. എന്നിട്ടും കൊലെഞ്ചേരിക്ക് പറ പറന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു പ്രത്യേക ഏമ്പക്കം വിട്ടു തുടങ്ങി .പിന്നേ ഭയങ്കര ഛര്‍ദി .മകന്റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛര്‍ദിച്ചു .എന്നിട്ടും ആ ഛര്‍ദിലും മുഴുവന്‍ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവ വ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ മുഖം ആ കണ്ണാടിയിലൂടെ ഞാന്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.ഞാന്‍ പറഞ്ഞു മോനെ അയാളെ നോക്കണ്ട .അയാള്‍ക്ക് എന്ത് സംഭവിച്ചാലും മോന്‍ ധൈര്യമായിട്ടിരിക്കണം.ഇല്ലച്ഛാ...അച്ഛന് ധൈര്യമായിട്ടു വണ്ടി വിട്ടോ.അങ്ങിനെ ഹോസ്പിറ്റലില്‍ എത്തി.ശരൗ വീല്‍ കയറ്റി .അപ്പോള്‍ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടിയിരുന്നു.ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ ഹോസ്പിറ്റലുകാര്‍ക്കു കൊടുത്തു .അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചു പോന്നു .ഇന്നോവ കാര്‍ നിറച്ചും ഛര്‍ദിലും ചോരയും.കാര്‍ കഴുകിയാല്‍ ഓക്കേ.

വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാന്‍ ചോദിച്ചു മോന് ഛര്‍ദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന്.ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തില്‍ കിടക്കുന്ന ഛര്‍ദിലും ചോരയും എനിക്കറപ്പു തോന്നുന്നേ ഇല്ല .അച്ഛന്‍ വിഷമിക്കണ്ട.വീട്ടില്‍ പോയി അവനും കുളിച്ചു.ആ രാത്രി തന്നെ വണ്ടിയും കഴുകി.അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.അവരുടെ ഭാര്യ ഒരു സ്‌കൂള്‍ ടീച്ചര്‍ ആയിരുന്നു .അവരുടെ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ഞാന്‍ ചീഫ് ഗസ്റ്റ് ആയി പോയപ്പോള്‍ മുതല്‍ എന്നെ അറിയാം എന്നും പറഞ്ഞു.
എന്തായാലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവര്‍ പൂര്‍ണ സുഖമായെന്നും ഡിസ്ചാര്‍ജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചു പറഞ്ഞപ്പോള്‍ അതറിഞ്ഞ ഉടനെ ഞാന്‍ പയ്യനോട് ഈ വിവരം പറഞ്ഞു .ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതു കൈ മടക്കി പുറകോട്ടൊരു വലി വലിച്ചു..്യലെൈ ൈഎന്നൊരു സൗണ്ടും.

മകനെക്കുറിച്ചു ഓര്‍ത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം.അതെപൊലെ ഒരു മനുഷ്യ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതിന്റെ വലിയ ഒരു ആഹ്ലാദവും..സന്തോഷം...അഭിമാനം ..