കരണ്‍ ജോഹര്‍ എന്ന സംവിധായകന്റേയും റാണി മുഖര്‍ജി എന്ന നടിയുടേയും അരങ്ങേറ്റ ചിത്രമായിരുന്നു 'കുച്ച് കുച്ച് ഹോതാ ഹേ'. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും കജോളും അണിനിരന്ന ഈ ചിത്രം പ്രതീക്ഷിച്ചതിനപ്പുറം സൂപ്പര്‍ ഹിറ്റായി മാറി. ഇതിലെ പാട്ടുകള്‍ ആളുകള്‍ പാടിനടന്നു. ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്ര ചില രഹസ്യങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.
സിനിമയിലെ താരങ്ങളുടെ കോസ്റ്റ്യൂമിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ മനസ് തുറക്കുകയാണ് മനീഷ്. ഷാരൂഖിനും കാജോളിനും റാണിക്കും ലണ്ടനില്‍ നിന്നും സകോട്ട്‌ലന്‍ഡില്‍ നിന്നും കോസ്റ്റ്യൂമുകള്‍ വാങ്ങിയതിന്റെ ഓര്‍മകളും ഷൂട്ടിങ്ങിനിടയില്‍ നേരിട്ട പ്രതിസന്ധികളും മനീഷ് പോസ്റ്റില്‍ പറയുന്നു.
വിവാഹനിശ്ചയ ദിനത്തില്‍ കജോളിന്റെ കഥാപാത്രം അഞ്ജലി ധരിച്ച ലെഹങ്കയുടെ പ്രചോദനം ഒരു പേര്‍ഷ്യന്‍ പരവതാനിയാണെന്നും റാണിയുടെ കഥാപാത്രമായ ടിനയുടെ മംഗള്‍സൂത്ര റാണിയുടെ അമ്മയുടേതായിരുന്നെന്നും പോസ്റ്റില്‍ മനീഷ് പറയുന്നു.
'എപ്പോഴും ഓടിച്ചാടി നടക്കുന്ന, ടോം ബോയ് ലുക്കിലുള്ള പെണ്‍കുട്ടിയായിരുന്നു അഞ്ജലി. അതിനാല്‍ ആ കഥാപാത്രത്തിന് ഇണങ്ങുന്ന രീതിയില്‍ വളരെ ഫിറ്റായ കോസ്റ്റ്യൂമുകളാണ് തിരഞ്ഞെടുത്തത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം കജോള്‍ വിഗ്ഗ് മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു. ആ വിഗ്ഗ് അല്‍പം ഭാരം കൂടിയതായിരുന്നു. മൂന്നാം ദിവസമായപ്പോഴേക്കുമാണ് അതെല്ലാം ശരിയായത്. ലണ്ടനിലേക്കുള്ള യാത്രക്കിടെ ബോണ്ട് സ്ട്രീറ്റില്‍ ഒരു പേര്‍ഷ്യന്‍ പരവതാനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടു. അതാണ് കജോളിന്റെ വിവാഹനിശ്ചയ ദിനത്തിലെ ഐവറി നിറത്തിലുള്ള വെല്‍വെറ്റ് ലെഹങ്കയ്ക്ക് പ്രചോദനമായത്.

റാണി മുഖര്‍ജിയുടെ ആദ്യ സിനിമ ആയതിനാല്‍ ടീന എന്ന കഥാപാത്രത്തിന് ഗ്ലാം ലുക്കായിരുന്നു വേണ്ടിയിരുന്നത്. അതിനൊപ്പം ട്രഡീഷണലുമാകണമായിരുന്നു. അത് വളരേയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഷാരൂഖ് ഖാന്റെ കഥാപാത്രമായ രാഹുലിന്റെ ഭാര്യയായി ടിന ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മംഗള്‍സുത്ര വേണമായിരുന്നു. സ്‌കോട്ട്‌ലന്‍ഡിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. കരണ്‍ പെട്ടെന്ന് മംഗള്‍സൂത്ര ചോദിച്ചപ്പോള്‍ ഞാന്‍ കോസ്റ്റ്യൂം റൂമിലേക്ക് ഓടി. എവിടെ നിന്ന് ഒരെണ്ണം സംഘടിപ്പിക്കും എന്നായിരുന്നു ഞാന്‍ ആലോചിച്ചത്. ആ സമയത്ത് റാണിയുടെ അമ്മ അതുവഴി വന്നു. ഞാന്‍ അവരോട് മംഗല്‍സൂത്ര ചോദിച്ചുവാങ്ങി. അത് കരണിന് കൊണ്ടുപോയി കൊടുത്തു. ഭാഗ്യത്തിന് ആ സീനിലെ റാണിയുടെ സാരിക്ക് അത് യോജിക്കുമായിരുന്നു. രാത്രി ഡിന്നറിന്റെ സമയത്ത് ഈ കഥകളെല്ലാം പറഞ്ഞ് ഞങ്ങള്‍ ചിരിക്കുകയും ചെയ്തു.' പോസ്റ്റില്‍ മനീഷ് പറയുന്നു.
ഇതിന് താഴെ കരണ്‍ ജോഹര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതു വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മകള്‍ മനസിലൂടെ കടന്നുപോയെന്നും ഈ കുറിപ്പിന് നന്ദിയെന്നും കരണ്‍ കുറിച്ചു.
Content Highlights: fashion designer manish malhotra shares a bunch of memories from kuch kuch hota hai
Published: 17 Oct 2023, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented