ധര്‍മേന്ദ്രയുടേയും ഹേമാമാലിനിയുടേയും വിവാഹം ബോളിവുഡില്‍ വലിയ വിവാദങ്ങളാണുണ്ടാക്കിയത്. ഭാര്യയും നാല് മക്കളുമുള്ള ധര്‍മേന്ദ്രയെ വിവാഹം ചെയ്തതില്‍ ഹേമാമാലിനിയെ പലരും കുറ്റപ്പെടുത്തി. എന്നാല്‍ രണ്ട് വിവാഹബന്ധങ്ങളും ഒരുപോലെ കൊണ്ടുപോയ ധര്‍മേന്ദ്ര രണ്ട് കുടുംബത്തിനും തുല്ല്യ പ്രാധാന്യം നല്കി. ഹേമാമാലിനിക്കും ധര്‍മേന്ദ്രയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇഷ ഡിയോളും അഹാന ഡിയോളും.
'ഹേമമാലിനി: ബിയോണ്ട് ദ ഡ്രീം ഗേള്‍' എന്ന പുസ്തകത്തില്‍ ഭാര്യയും നാല് മക്കളുമുള്ള വ്യക്തിയെയാണ് വിവാഹം ചെയ്തതെന്ന് താന്‍ അറിഞ്ഞ നിമിഷത്തെ കുറിച്ച് ഇഷ ഡിയോള്‍ പറയുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇത് അറിഞ്ഞതെന്നും അക്കാര്യത്തില്‍ ഒരിക്കലും തനിക്കൊരു വിഷമവും തോന്നിയിട്ടില്ലെന്നും ഇന്നുവരെ അതില്‍ തെറ്റായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും ഇഷ ഡിയോള്‍ പറയുന്നു.
'എന്റെ അമ്മ വിവാഹം ചെയ്തത് വിവാഹിതനായ ഒരാളെയാണെന്നും അവര്‍ക്ക് ഒരു കുടുംബമുണ്ടെന്നും ഞാന്‍ മനസിലാക്കി. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. അതില്‍ തെറ്റായി ഒന്നുമില്ലെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. ഞങ്ങളെ ഒരിക്കലും പ്രതിസന്ധിയിലാക്കാത്തതിന് എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ പൂര്‍ണ ക്രെഡിറ്റ് നല്കുന്നു'-ഇഷ പറയുന്നു.
ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറും ഹേമാമാലിനും തൊട്ടടുത്ത വീടുകളില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ ഹേമാമാലിനി ജീവിതത്തില്‍ ഒരിക്കല്‍പോലും പ്രകാശ് കൗറിന്റെ വീട്ടില്‍ പോയിട്ടില്ല. ധര്‍മേന്ദ്രയുടെ സഹോദരന് അജിത്തിന് ഗുരുതരമായ രോഗം വന്നപ്പോള്‍ ഇഷ ആദ്യമായി ആ വീട്ടില്‍ പോയി. 30 വര്‍ഷത്തിനിടയിലെ ആദ്യത്തെ സന്ദര്‍ശനം. അപ്പോഴാണ് അവര്‍ പ്രകാശ് കൗറിനെ ആദ്യമായി കാണുന്നത്. 'ഞാന്‍ അവരുടെ കാല്‍തൊട്ടു വന്ദിച്ചു, അവര്‍ എന്നെ അനുഗ്രഹിച്ചു' -പുസ്തകത്തില്‍ ഇഷ പറയുന്നു.
ജീവചരിത്രകാരനായ രാജീവ് വിജയ്കര് എഴുതിയ 'ധര്‍മേന്ദ്ര: നോട്ട് ജസ്റ്റ് എ ഹീ-മാന്‍' എന്ന തന്റെ പുസ്തകത്തില്‍ ഇഷയ്ക്ക് വിവാഹപ്രായമായപ്പോള്‍ പ്രകാശ് കൗര്‍ വരനെ കണ്ടെത്തിയതിനെ കുറിച്ച് പറയുന്നുണ്ട്. 'സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസംഭവ്യമായി തോന്നാമെങ്കിലും ധര്‍മേന്ദ്ര ഒരിക്കല്‍ എന്നോട് പറഞ്ഞത് തികച്ചും വിശ്വസനീയമാണ്. ഇഷയ്ക്ക് അനുയോജ്യനായ ഒരു വരനെ പ്രകാശ് കൗര്‍ കണ്ടെത്തി എന്നതായിരുന്നു അത്.' -രാജീവ് വിജയ്കര് പറയുന്നു. എന്നാല്‍ ബിസിനസുകാരനായ ഭരത് തക്താനിയെയാണ് ഇഷ വിവാഹം ചെയ്തത്. 2012-ല്‍ വിവാഹിതരായ ഇരുവരും 12 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2024-ല്‍ വേര്‍പിരിഞ്ഞു.
Content Highlights: esha deol talked about how she reacted when she discovered her father had two wives
Published: 07 Dec 2025, 11:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented