
കന്നഡ സൂപ്പര് താരം ദര്ശനെ കൊലക്കേസില് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടിയും ഫാഷന് ഡിസൈനറുമായ പവിത്ര ഗൗഡയും വാര്ത്തകളില് നിറയുകയാണ്. ദര്ശന്റെ അടുത്ത സുഹൃത്ത് കൂടിയായ പവിത്രയ്ക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും സോഷ്യല് മീഡിയയില് കമന്റ് പങ്കുവെയ്ക്കുകയും ചെയ്തതിനെ തുടര്ന്നാണ് ഫാര്മസിസ്റ്റായ രേണുകാ സ്വാമി എന്ന യുവാവിനെ ദര്ശന് കൊലപ്പെടുത്തിയത്.
പവിത്രയുമായുള്ള ദര്ശന്റെ ബന്ധം അംഗീകരിക്കാന് ദര്ശന്റെ കടുത്ത ആരാധകമായ രേണുകാ സ്വാമിക്ക് കഴിഞ്ഞില്ലെന്നും തുടര്ന്നാണ് പവിത്രയ്ക്കെതിരെ മോശം രീതിയില് സോഷ്യല് മീഡിയയിലൂടെ പ്രതികരിച്ചതെന്നും കന്നഡ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. സോഷ്യല് മീഡിയയിലെ പോസ്റ്റുകള് ഫാന്സ് അസോസിയേഷനിലെ അംഗങ്ങളാണ് ദര്ശന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടര്ന്ന് ദര്ശന് രേണുകാ സ്വാമിയെ കൊല്ലാന് ഫാന്സ് അസോസിയേഷന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നും കന്നഡ മാധ്യമങ്ങളുടെ റിപ്പോര്ട്ടില് പറയുന്നു.
പത്ത് വര്ഷത്തോളമായി ദര്ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്സ്റ്റഗ്രാമില് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല് മീഡിയയില് വാക്ക്പോരും നടത്തിയിരുന്നു.
ദര്ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്സ്ബുക്കിന്റേയും ഇന്സ്റ്റഗ്രാമിന്റേയുമെല്ലാം പ്രൊഫൈല് ഫോട്ടോ ആക്കിയതാണ് പ്രശ്നങ്ങള്ക്ക് തുടക്കം. ഇത് കന്നഡ ചലച്ചിത്രലോകത്ത് ചര്ച്ചാവിഷയമായി. ആരാധകരും പവിത്രയ്ക്കെതിരേ തിരിഞ്ഞു. തുടര്ന്ന് നടി ഈ ചിത്രങ്ങള് നീക്കം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയില് പവിത്ര വീണ്ടും ഒരു ഇന്സ്റ്റഗ്രാം റീല് പങ്കുവെച്ചു. ദര്ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഈ റീല് നിറയെയുണ്ടായിരുന്നത്. ദര്ശനൊപ്പമുള്ള ജീവിതം 10 വര്ഷം പൂര്ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും റീലിനൊപ്പം പവിത്ര ഇന്സ്റ്റഗ്രാമില് കുറിച്ചു.
ഈ റീലിന് പിന്നില് ഒരു കാരണം കൂടിയുണ്ടായിരുന്നു. ദര്ശന്റെ ഭാര്യ വിജയലക്ഷ്മി ഭര്ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ഇതാണ് ഞങ്ങള്. ഞങ്ങളുടെ ഒരേയൊരാളോടൊപ്പം. കുടുംബമാണ് എല്ലാം' എന്ന് ഇന്സ്റ്റഗ്രാമില് കുറിച്ചു. ഇതിന് പിന്നാലെയാണ് പവിത്ര ദര്ശനൊപ്പമുള്ള ചിത്രങ്ങളുടെ റീല് പോസ്റ്റ് ചെയ്തത്.
ഇത് വിജയലക്ഷ്മിക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ഭര്ത്താവ് സഞ്ജയ് സിങ്ങിനും മകള് ഖുശി ഗൗഡയ്ക്കുമൊപ്പമുള്ള പവിത്രയുടെ ചിത്രം പോസ്റ്റ് ചെയ്താണ് വിജയലക്ഷ്മി ഇതിനോട് പ്രതികരിച്ചത്. മറ്റൊരാളുടെ ഭര്ത്താവുമൊന്നിച്ചുള്ള റീല് പങ്കുവെയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താത്പര്യങ്ങള്ക്കും നേട്ടങ്ങള്ക്കുംവേണ്ടി തന്റെ ഭര്ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി ഈ പോസ്റ്റില് പറയുന്നു. തന്റെ കുടുംബത്തിനുവേണ്ടി ശബ്ദമുയര്ത്തേണ്ട സമയമാണിതെന്നും പവിത്രയ്ക്കെതിരെ നിമയപരമായി നീങ്ങുമെന്നും വിജയലക്ഷ്മി പോസ്റ്റില് വ്യക്തമാക്കിയിരുന്നു.
ഒരു ദീപത്തിന്റെ ചിത്രം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചാണ് പവിത്ര ഇതിന് മറുപടി നല്കിയത്. സ്വന്തം താത്പര്യങ്ങള്ക്കുവേണ്ടി താന് ഒന്നും ചെയ്തിട്ടില്ലെന്നും സ്നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്ഷം ഒരുമിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും ഈ ചിത്രത്തിനൊപ്പം പവിത്ര കുറിച്ചു. വിജയലക്ഷ്മിയുടെ അറിവോടെയാണ് ഈ ബന്ധം മുന്നോട്ടുപോയിരുന്നതെന്നും അതില് അവര്ക്ക് ഒരു പ്രശ്നമില്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും പവിത്ര പറയുന്നു. ഇപ്പോള് ആളുകള് തനിക്കും തന്റെ കൗമാരക്കാരിയായ മകള്ക്കുമെതിരെ വെറുപ്പ് പരത്തുകയാണെന്നും അത് തന്റെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നുണ്ടെന്നും അവര് കുറിച്ചു.
എന്നാല് ഇത്രയും ചര്ച്ചകളും വിവാദങ്ങളുമുണ്ടായിട്ടും ദര്ശന് ഇക്കാര്യത്തില് യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. നേരത്തെ ദര്ശന്റെ പിറന്നാള് ദിവസത്തില് പവിത്ര ഗൗഡ പാര്ട്ടി നടത്തിയിരുന്നു. പവിത്രയുടെ മകളുടെ പിറന്നാള് ദിവസം ദര്ശന് വീട്ടിലെത്തുകയും പവിത്രയുടെ മകള്ക്കൊപ്പം ഡാന്സ് കളിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകളെല്ലാം പവിത്ര ഇന്സ്റ്റഗ്രാമില് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
2015 മുതല് ദര്ശന്റേയും പവിത്രയുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനില്ക്കുന്നുണ്ട്. 2017-ലാണ് ആദ്യമായി ദര്ശനൊപ്പമുള്ള ചിത്രം പവിത്ര സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തത്. 2000 മെയ് 14-നായിരുന്നു ദര്ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011-ല് ദര്ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്കിയിരുന്നു. തുടര്ന്ന് ദര്ശന് 14 ദിവസം ജുഡീഷ്യല് കസ്റ്റഡിയിലായിരുന്നു.
Content Highlights: darshans wife vijayalakshmis online war with pavitra gowda turns ugly
Published: 11 Jun 2024, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented