ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മ്മയും വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ തന്നെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും. 60 കോടി രൂപയാണ് ചഹല്‍, ധനശ്രീക്ക് നല്‍കുകയെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനശ്രീയുടെ അഭിഭാഷക.

To advertise here,

ചഹല്‍-ധനശ്രീ വിവാഹമോചനത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ താത്പര്യപ്പെടുന്നില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ അതിന്റെ വസ്തുത ഉറപ്പാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ജീവനാംശം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ ധനശ്രീയുടെ അഭിഭാഷക അതിഥി മോഹന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. 

60 കോടി രൂപ ജീവനാംശമായി ധനശ്രീ ആവശ്യപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വിവരം. എന്നാല്‍, ധനശ്രീയുടെ കുടുംബം ഇത് തള്ളിക്കളയുകയും തെറ്റായ പ്രചരണങ്ങള്‍ക്കെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു. ഇത്തരത്തിലൊരു തുക ആരും ആവശ്യപ്പെടുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല.  ഊഹാപോഹങ്ങളിലേക്ക് വേര്‍പിരിയുന്നവരെയും അവരുടെ കുടുംബങ്ങളെയും വലിച്ചിഴയ്ക്കരുതെന്നും അഭിഭാഷകയുടെ പ്രസ്താവനയില്‍ പറയുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ മുഖമില്ലാത്ത ചില ആളുകള്‍ അടിസ്ഥാനമില്ലാത്ത ചില വാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ധനശ്രീ നേരത്തേ ജീവനാംശം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ചില കാര്യങ്ങളെക്കുറിച്ച് വരുന്ന ഊഹാപോഹങ്ങള്‍ ശരിയാവണമെന്നില്ലെന്ന് ചഹലും കഴിഞ്ഞമാസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരുന്നു. അഭ്യൂഹങ്ങള്‍ തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു. 

2020-ല്‍ കോവിഡ് സമയത്താണ് ചഹലും ധനശ്രീയും തമ്മില്‍ പ്രണയത്തിലാവുന്നത്. ധനശ്രീയുടെ നൃത്തവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ക്കണ്ട ചഹല്‍, നൃത്തം പഠിക്കാന്‍ സമീപിക്കുകയായിരുന്നു. ഈ അധ്യാപക-വിദ്യാര്‍ഥി ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആ വര്‍ഷംതന്നെ ഇരുവരും വിവാഹിതരായി. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.