പിക്‌നിക്കിനിടെ ഒരു ഇന്ത്യന്‍ കുടുംബം ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ കണ്ടന്റ് ക്രിയേറ്ററായ ഈവയാണ് വീഡിയോ പങ്കുവെച്ചത്. മകള്‍ ഗായയോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഈവ വീഡിയോ പകര്‍ത്തിയത്.

To advertise here,

'ഒരു നിമിഷം മുന്‍പ് ഞങ്ങള്‍ അതുവഴി നടന്നുപോവുകയായിരുന്നു, അടുത്ത നിമിഷം ഗായ പുതിയ കൂട്ടുകാര്‍ക്കൊപ്പം ഒരു ഇന്ത്യന്‍ വിരുന്നില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ എവിടെ പോയാലും അവരുടെ ജീവിതം ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കുന്നു,' ഈവ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു.

തങ്ങളുടെ കുടുംബവിരുന്നില്‍ അവളെയും ഉള്‍പ്പെടുത്തിയതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടം ഇന്ത്യന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഒപ്പം ഒരു പിക്‌നിക്ക് പായയില്‍ ഗായ സന്തോഷത്തോടെ ചമ്രംപടിഞ്ഞിരിക്കുന്നത് വീഡിയോയില്‍ കാണാം.

'ക്ഷണിക്കപ്പെട്ട ഒരാളെപ്പോലെ നിങ്ങളുടെ കുട്ടി ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ഉച്ചഭക്ഷണത്തില്‍ പങ്കുചേരുമ്പോള്‍,' എന്നാണ് വീഡിയോയ്ക്കുള്ളിലായി എഴുതിയിരിക്കുന്നത്.

ഒട്ടേറെപ്പേര്‍ വീഡിയോ കണ്ട് പ്രതികരണങ്ങളുമായെത്തി. കുട്ടിയെ തങ്ങളോടൊപ്പം ചേര്‍ത്ത ആളുകളുടെ മനോഭാവത്തെ പ്രശംസിച്ചുകൊണ്ടും ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് സൂചിപ്പിച്ചും കമന്റുകള്‍ വന്നു. 'അവിടെ ഇന്ത്യക്കാരുണ്ടെങ്കില്‍, നിങ്ങളെ എപ്പോഴും സ്വാഗതം ചെയ്യും,' എന്ന് ഒരുപയോക്താവ് കുറിച്ചു.

മറ്റ് ചിലര്‍ ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെക്കുറിച്ചുള്ള സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ''വളരെ മികച്ചത്. ഇന്ത്യന്‍ കുടുംബങ്ങളുടെ ദയ ഞങ്ങള്‍ മുന്‍പും അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ അയല്‍ക്കാര്‍ ആഘോഷ ദിവസങ്ങളില്‍ എപ്പോഴും പലഹാരങ്ങള്‍ കൊണ്ടുവരാറുണ്ട്, ഞാന്‍ അവര്‍ക്ക് ക്രിസ്മസ് കുക്കികള്‍ അയച്ചുകൊടുക്കുമ്പോള്‍ അവര്‍ക്കത് ഒരുപാട് ഇഷ്ടമാണ്'', എന്നൊരാള്‍ പ്രതികരിച്ചു.

സിങ്കിള്‍ പാരന്റായ ഈവ മാസങ്ങളായി മകള്‍ ഗായയ്‌ക്കൊപ്പം യാത്രചെയ്യുകയാണ്. ഇതുവരെ 6000 കിലോമീറ്റര്‍ പിന്നിട്ടു. ഇരുവരുടേയും വിനോദസഞ്ചാരത്തിനും താമസത്തിനും സ്വന്തം വാഹനത്തെയാണ് അമ്മയും മകളും ആശ്രയിക്കുന്നത്.