ധുരന്ധർ എന്ന ചിത്രത്തിന് പിന്നാലെ രൺവീർ സിങ്ങിന്റെ അഭിനയത്തോടുള്ള അർപ്പണബോധത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ, താരത്തെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. രൺവീറിന്റെ ആവേശം ഇപ്പോഴത്തെ വിജയങ്ങൾക്ക് പിന്നാലെ തുടങ്ങിയതല്ലെന്നും വർഷങ്ങൾക്ക് മുൻപ് ലൂട്ടേര എന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം മുറിപ്പെടുത്തിയ സംഭവം തനിക്കറിയാമെന്നും അനുരാഗ് ഓർത്തെടുത്തു.

To advertise here,

രൺവീർ സിങ്ങും സൊനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിലെത്തിയ ലൂട്ടേരയുടെ നിർമ്മാതാവായിരുന്നു അനുരാഗ് കശ്യപ്. അടുത്തിടെ മിസ് മാലിനിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം താരത്തിന്റെ സമർപ്പണത്തെക്കുറിച്ച് സംസാരിച്ചത്.

‘ധുരന്ധറിൽ രൺവീറും അർജുൻ രാംപാലും തമ്മിലുള്ള സംഘട്ടന രംഗങ്ങളിൽ അവർ പരസ്പരം ശരിക്കും പരിക്കേൽപ്പിച്ചുവെന്ന കഥകൾ നമ്മൾ കേൾക്കുന്നുണ്ട്. ആ വേഷത്തിന് വേണ്ടി അവർ അത്രത്തോളം കഷ്ടപ്പെട്ടു, സിനിമ വലിയ ലാഭമുണ്ടാക്കുകയും ചെയ്തു. എന്നാൽ തന്റെ രണ്ടാമത്തെ ചിത്രമായ ലൂട്ടേരയുടെ ക്ലൈമാക്സിൽ വെടിയേൽക്കുന്ന ഒരു രംഗമുണ്ട്. ആ വേദനയുടെ തീവ്രത സ്വാഭാവികമായി വരാൻ വേണ്ടി രൺവീർ ചെയ്തത് ആരെയും ഞെട്ടിക്കുന്നതാണ്. ആരോടും പറയാതെ ഒരു ക്ലിപ്പ് എടുത്ത് അദ്ദേഹം സ്വന്തം വയറിൽ കുത്തിവെച്ചു'- അനുരാഗ് വെളിപ്പെടുത്തി.

‘ആ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഏറെ റിസ്ക് എടുത്തു. ഒടുവിൽ ഞങ്ങൾക്ക് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു. ലൂട്ടേര എന്ന ചിത്രം ധുരന്ധർ നേടിയ അത്രയും വലിയ സാമ്പത്തിക വിജയം നേടിയിട്ടുണ്ടാകില്ല, പക്ഷേ അത് ആ മനുഷ്യന്റെ നിശ്ചയദാർഢ്യമാണ് കാണിക്കുന്നത്. വേദന കൊണ്ട് അനങ്ങാൻ പറ്റാതാകുന്നത് വരെ അദ്ദേഹം അത് ആരോടും പറഞ്ഞിരുന്നില്ല’- അനുരാഗ് പറഞ്ഞു. 

ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് രൺവീർ സിങ് കടന്നുപോകുന്നത്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 1300 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ ധുരന്ധർ: ദി റിവഞ്ച് മാർച്ച് 19-ന് റിലീസ് ചെയ്യുകയും ഇതിനകം 1600 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ പിന്നിടുകയും ചെയ്തു. ആർ. മാധവൻ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി, അർജുൻ രാംപാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഗാംഗ്‌സ് ഓഫ് വസേപൂർ പോലുള്ള ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള സംവിധായകനാണ് അനുരാഗ്. കെന്നഡി, നിശാഞ്ചി എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭങ്ങൾ. 2023-ലെ മാമി ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധിക്കപ്പെട്ട കെന്നഡി എന്ന നോയിർ ത്രില്ലർ ഒടുവിൽ 2026 ഫെബ്രുവരി 20-ന് സീ5-ലൂടെ ഇന്ത്യയിൽ റിലീസ് ചെയ്തു. 

അദിവി ശേഷ്, മൃണാൽ താക്കൂർ എന്നിവർക്കൊപ്പം ഡെക്കോയിറ്റ് എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് നടനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനുരാഗ് കശ്യപ് ഇപ്പോൾ.