തന്റെ സഹോദരങ്ങളുമായും അവരുടെ പങ്കാളികളുമായുമുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകനും ഫിറ്റ്‌നസ് ട്രെയ്‌നറുമായ രാഹുല്‍ ഭട്ട്. സഹോദരി ആലിയ ഭട്ടുമായി നല്ല ബന്ധത്തിലാണെന്നും ജീവിതത്തില്‍ വിജയിച്ച വ്യക്തിയാണ് ആലിയയെന്നും രാഹുല്‍ വ്യക്തമാക്കി. 'അവള്‍ക്ക് കഴിവുണ്ട്. എല്ലാവരും അവളോടൊപ്പമുണ്ട്. അവള്‍ക്ക് നന്നായി പി.ആര്‍ ചെയ്യാനായി അറിയാം.'-രാഹുല്‍ പറയുന്നു. ആലിയ നല്ലൊരു അമ്മയാണെന്നും രണ്‍ബീറിനെപ്പോലെ മികച്ചൊരു ഭര്‍ത്താവിനെയാണ് ആലിയയ്ക്ക് കിട്ടിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദി റഷിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

To advertise here,

അതേസമയം തന്റെ മൂത്ത സഹോദരിയും നടിയുമായ പൂജാ ഭട്ടാണ് അഭിനയത്തില്‍ ആലിയയേക്കാള്‍ മുന്നിലുള്ളതെന്നും ആരാധകര്‍ക്കിടയില്‍ പൂജയുണ്ടാക്കിയ ഓളമൊന്നും സൃഷ്ടിക്കാന്‍ ആലിയയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ പറയുന്നു. 'എന്റെ അഭിപ്രായത്തില്‍ പൂജയുടെ പകുതി പോലും കഴിവ് ആലിയയ്ക്കില്ല. കൂടുതല്‍ സുന്ദരിയും സെക്‌സിയും പൂജയാണ്. പൂജയുടെ മുന്നില്‍ ആലിയ അത്ര പോരെന്നാണ് എന്റെ അഭിപ്രായം'-രാഹുല്‍ വ്യക്തമാക്കുന്നു. 

'സഹോദരങ്ങളില്‍ ഏറ്റവും കഴിവുള്ള വ്യക്തിയും ഏറ്റവും ധാര്‍മ്മിക ബോധമുള്ളതും പൂജയ്ക്കാണ്. അവരാണ് എന്റെ അച്ഛന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയത്. പൂജയുടെ താരപദവി ഞാന്‍ കണ്ടിട്ടുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ സെക്‌സ് സിംബലായിരുന്നു പൂജ.' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രണ്‍ബീറിനെ ഒരു നല്ല അച്ഛന്‍ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ രണ്‍ബീറിനെ വിലയിരുത്തുമോ എന്ന ചോദ്യത്തില്‍നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറി. 'എന്താണ് അഭിനയം, ആരാണ് നടന്‍, ആരാണ് ആനിമല്‍, ആരാണ് കപൂര്‍ എന്നതൊന്നും എനിക്ക് അറിയില്ല. അദ്ദേഹം ഒരു നല്ല അച്ഛനാണ്. അദ്ദേഹം തന്റെ മകളെ ഒരുപാട് സ്‌നേഹിക്കുന്നു. എന്നെ സംബന്ധിച്ച് മറ്റൊന്നും പ്രധാനമല്ല.'-രാഹുല്‍ വ്യക്തമാക്കി.

കിരണ്‍ ഭട്ടുമായുള്ള ആദ്യ വിവാഹത്തില്‍ മഹേഷ് ഭട്ടിനുണ്ടായ മക്കളാണ് പൂജയും രാഹുലും. മഹേഷ് പിന്നീട് നടി സോണി റാസ്ദാനെ വിവാഹം കഴിച്ചു. അവര്‍ക്ക് ആലിയ ഭട്ട്, ഷഹീന്‍ ഭട്ട് എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്.