
ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരനും നടനുമായ ഫൈസല്‍ ഖാന്‍. ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ പൂട്ടിയിട്ടുവെന്നും തനിക്ക് ഭാന്താണെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്‌കിസോഫ്രീനിയ ആണെന്ന് പറഞ്ഞാണ് തന്നെ പൂട്ടിയിട്ടതെന്നും അദ്ദേഹം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
'എനിക്ക് സ്‌കിസോഫ്രീനിയ ആണെന്നും ഞാനൊരു ഭ്രാന്തനാണെന്നുമാണ് അവര്‍ പറഞ്ഞത്. പുറത്തിറങ്ങിയാല്‍ ഞാന്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. ഇതെല്ലാം സംഭവിച്ചതാണ്. ഈ ചക്രവ്യൂഹത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്നാണ് ഞാന്‍ എന്നെ തന്നെ നോക്കി ചിന്തിച്ചിരുന്നത്. ഞാന്‍ ചക്രവ്യൂഹത്തില്‍ തന്നെയായിരുന്നു. കുടുംബം മുഴുവന്‍ എനിക്കെതിരായിരുന്നു. എന്നെ ഒരു ഭ്രാന്തനായാണ് അവര്‍ കണ്ടത്.' -ഫൈസല്‍ ഖാന്‍ പറഞ്ഞു.
ആമിര്‍ ഖാനാണ് തന്നെ മുറിയില്‍ പൂട്ടിയിട്ടത് എന്നും അദ്ദേഹം പറയുന്നു. ഈ സമയത്ത് തന്റെ പിതാവുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹത്തിന് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് താന്‍ കരുതിയത്. അപ്പോഴേക്കും അദ്ദേഹം രണ്ടാം ഭാര്യയെ വിവാഹം ചെയ്യുകയും കുടുംബത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ പുറത്ത് പോകുകയും ചെയ്തിരുന്നു. പിതാവിന്റെ ഫോണ്‍ നമ്പറോ വിളിക്കാന്‍ ഫോണോ ഇല്ലാതിരുന്നതിനാല്‍ തനിക്ക് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഫൈസല്‍ പറഞ്ഞു.
'എന്റെ സാമ്പത്തിക കാര്യങ്ങളുടേയും നിയമപരമായ കാര്യങ്ങളുടേയും നിയന്ത്രണം ആമിര്‍ ഏറ്റെടുത്തു. പുറത്ത് പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്റെ മുറിയുടെ പുറത്ത് എല്ലായ്‌പ്പോഴും ബോഡി ഗാര്‍ഡ് ഉണ്ടാകുമായിരുന്നു. എനിക്ക് ആമിറിനെ അറിയാം. അവന്‍ ദയാലുവാണ്. ആമിര്‍ ഇതെല്ലാം ചിന്തിച്ച് ഇങ്ങനെയെല്ലാം ചെയ്യുമെന്ന് കരുതാന്‍ കഴിയില്ല.' -ഫൈസല്‍ തുടര്‍ന്നു.
തനിക്ക് അനാവശ്യമായി മരുന്നുകള്‍ നല്‍കിയെന്നും ഫൈസല്‍ ഖാന്‍ ആരോപിക്കുന്നു. ഇത് കാരണം തനിക്ക് ശാരീരികമായി പ്രശ്‌നങ്ങളുണ്ടായി. ശരീരഭാരം 103 കിലോഗ്രാമായി കൂടിയെന്നും ഫൈസല്‍ ഖാന്‍ പറഞ്ഞു.
ആമിര്‍ ഖാനൊപ്പം നേരത്തേ മേള എന്ന ചിത്രത്തില്‍ ഫൈസല്‍ ഖാന്‍ അഭിനയിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ആമിര്‍ തന്നെ കൂട്ടിലടച്ചതായി ഫൈസല്‍ നേരത്തേയും പറഞ്ഞിരുന്നു. നിലവില്‍ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് മുംബൈയില്‍ തന്നെ മറ്റൊരിടത്താണ് താമസിക്കുന്നത്.
Content Highlights: Faisal Khan Claims Aamir Khan Locked Him at Home and Called Him Mentally Ill
Published: 09 Aug 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented