
കലയുടെ വേദിയില്‍ തിളങ്ങുന്ന കുടുംബം. സംഗീതവും നൃത്തവുമാണ് കാരിക്കാമുറി ക്രോസ് റോഡിലെ ഈ വീട്ടിന്റെ ഹൃദയതാളം. മോഹിനിയാട്ടം നര്‍ത്തകി അനുപമ മേനോനും ഭര്‍ത്താവായ സംഗീതജ്ഞന് നീലംപേരൂര്‍ സുരേഷ് കുമാറുമായി ചേര്‍ന്നാണ് 'സോപാനലാസ്യം' നിരവധി വേദികളില്‍ അവതരിപ്പിക്കുന്നത്.
വീണയും പുല്ലാങ്കുഴലുമായി വേദിയില്‍ ഒപ്പം മക്കള്‍ സെയ്ന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥിനികളായ പല്ലവിയും പവിത്രയുമുണ്ട്. സോപാന സംഗീതവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് പ്രത്യേകമായി ചിട്ടപ്പെടുത്തിയതാണ് സോപാന ലാസ്യം.
ഇരിങ്ങാലക്കുട പുത്തന്‍ മാരാത്ത് അനുപമ കാലടി സംസ്കൃത സര്‍വ്വകലാശാല, തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മോഹിനിയാട്ടത്തില്‍ നിര്‍മ്മല പണിക്കരുടെ നടനകൈശികിയില് ദീര്‍ഘകാലം പരിശീലനം നേടിയിട്ടുണ്ട്. കഥകളിയിലും ശിക്ഷണം ലഭിച്ചു. കുറച്ചുകാലം കാലടി ശങ്കരാചാര്യ സര്‍വ്വകലാശാലയിലും ആര്.എല്‍.വിയിലും അധ്യാപികയായിരുന്നു. ഇപ്പോള്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ചെയ്യുന്നു. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാന് അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഹിനിയാട്ട നൃത്തരംഗത്ത് നാഷണല്‍ ദൂരദര്ശന് കേന്ദ്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ടോപിനും അര്‍ഹയായി.
നിലംപേരൂര്‍ സുരേഷ് കുമാര്‍ എറണാകുളം സെന്റ് തെരേസസ് കോളേജില്‍ സംഗീതത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറാണ്. പാലക്കാട് ചെമ്പൈ കോളേജ്, തൃപ്പൂണിത്തുറ ആര്.എല്‍.വി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. എം.ജി.സര്‍വകലാശാലയില്‍ സംഗീതത്തില്‍ ഗവേഷണം ചെയ്യുന്നു. ശാസ്ത്രീയ സംഗീതം, കഥകളി, പടയണി എന്നിവയിലെ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ശിക്ഷണം നേടി. നിലംപേരൂര്‍ പടയണിയുടെ പ്രധാനപാട്ടുകാരനാണ്. ഘടം,ഗഞ്ചിറ, മുഖര്‍ശംഖ് എന്നിവയുടെ വാദനത്തില്‍ പ്രത്യേക പരിചയം. 19-ാം വയസ്സില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി.
ഭരതനാട്യം, മോഹിനിയാട്ടം, വീണ, വൃന്ദവാദ്യം എന്നിവയില്‍ സംസ്ഥാനകലോത്സവത്തില്‍ എ ഗ്രേഡ് നേടി തിളങ്ങിയിട്ടുണ്ട് പല്ലവി.
Content Highlights: a family of performing artists
Published: 25 Sept 2024, 01:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented