ബോളിവുഡ് താരമായ വരുണ്‍ ധവാനും ഭാര്യ നതാഷ ദലാലിനും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് കുഞ്ഞുണ്ടായത്. ലാറ എന്ന് പേരുളള മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം കൂടുതല്‍ സൗകര്യപ്രദമായ പുതിയ വീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് താരങ്ങള്‍. വരുണും നതാഷയും പുതിയ വീട് സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

To advertise here,

മുംബൈയിലെ ജുഹുവിലാണ് താരങ്ങളുടെ 44.5 കോടിയുടെ പുതിയ വീട്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിലാണ് താരങ്ങള്‍ സ്വന്തമാക്കിയ വീട്. ഡി ഡെക്കര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. മെയ് മാസത്തിനുള്ളില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

5112 സ്‌ക്വയര്‍ ഫൂട്ടിലുള്ള വീട്ടില്‍ നാല് കാറുകള്‍ക്കുള്ള പാര്‍ക്കിങ് സ്‌പേസ് ഉണ്ട്. സ്‌ക്വയര്‍ ഫൂട്ടിന് 87000 എന്ന നിലയ്ക്കാണ് വിലയെന്ന് ലഭ്യമായ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡെക്‌സ്ടാപ് ആണ് ഇത് സംബന്ധിച്ച രേഖകള്‍ ശേഖരിച്ചത്. ഡിസംബര്‍ മൂന്നിനാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 2.67 കോടി രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ജുഹുവിലെ തന്നെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് വരുണും ഭാര്യയും ഇപ്പോള്‍ താമസിക്കുന്നത്. 2017ലാണ് ഈ വീട് ഇവര്‍ വാങ്ങിയത്. ഇതിനുപുറമേ സാഗര്‍ ദര്‍ശനിലെ കാര്‍ട്ടര്‍ റോഡിലും വരുണ്‍ ധവാന് സ്വന്തം അപ്പാര്‍ട്ട്‌മെന്റുണ്ട്. 60 കോടിയാണ് ഇതിന്റെ വില. വിവാഹത്തിന് മുന്‍പ് മറ്റൊരു അപ്പാര്‍ട്ട്‌മെന്റും വരുണ്‍ സ്വന്തമായി വാങ്ങിയിരുന്നു. വരുണ്‍ ധവാനും നതാഷയ്ക്കും കുഞ്ഞ് പിറന്നതോടെയാണ് പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനായി താരങ്ങളൊരുങ്ങുന്നത്. 

അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, ഷാരൂഖ് ഖാന്‍, കാജോള്‍, ആമിര്‍ ഖാന്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ താമസിക്കുന്ന മേഖലയാണ് ജുഹു, ബാന്ദ്ര എന്നീ സ്ഥലങ്ങള്‍. താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ബാന്ദ്രയില്‍ പുതിയ വീടെടുത്ത് താമസം മാറാനൊരുങ്ങുകയാണ്.