ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ അപകടത്തിന് ശേഷം ആദ്യമായി പൊതുചടങ്ങിലെത്തിയെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. മകളുടെ വിവാഹത്തില്‍ ഷൂമാക്കര്‍ പങ്കെടുത്തതായാണ് പുറത്തുവരുന്ന വിവരം. അപകടത്തിന് ശേഷം കഴിഞ്ഞ 11 വര്‍ഷമായി ഇതിഹാസതാരത്തെക്കുറിച്ച് ലോകത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഷൂമാക്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിരുന്നില്ല.

To advertise here,

ഇപ്പോഴിതാ ഷൂമാക്കര്‍ കുടുംബത്തില്‍ മറ്റൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഷൂമാക്കറിന്റെ സഹോദരൻ റാൾഫും മുന്‍ ഭാര്യ കോറയും  താമസിച്ചിരുന്ന വില്ല വില്‍പനയ്ക്ക്‌വെച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വിവാദം. റാള്‍ഫും കോറയും മകന്‍ ഡേവിഡും താമസിച്ചിരുന്ന ഓസ്ട്രിയയിലെ ഹാള്‍വാങ്ങിലുള്ള വില്ലയാണ് വില്‍പനയ്ക്ക്‌ വെച്ചത്. ഈ ആഡംബര ഭവനത്തില്‍ കോറയ്ക്കും പങ്കാളിത്തമുണ്ട്.  റാള്‍ഫ്‌
ഏകദേശം അഞ്ച് മില്ല്യണ്‍ ഡോളറാണ് വില്ലയ്ക്ക് വിലയിട്ടിരിക്കുന്നത്‌. നേരത്തേ വില്ല വില്‍പനയ്ക്ക്‌ വെച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. 

വീണ്ടും വില്‍ക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് കോറ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. പത്ത് വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് പേജുകളിൽ വില്ലയുടെ ഫോട്ടോകൾ പ്രചരിച്ചിരുന്നു. റാള്‍ഫ്‌ ഇതിനകംതന്നെ വീട് വിൽക്കാൻ ശ്രമിച്ചു. കൃത്യമായ ആസൂത്രണമില്ലാതെയാണ്‌ ഇത് ചെയ്തത്. അത് ശരിയായി ചെയ്തിരുന്നെങ്കില്‍ ഈ ചിത്രങ്ങൾ ഇന്ന് ഇൻ്റർനെറ്റിൽ ഉണ്ടാകുമായിരുന്നില്ല. ഇതിനെല്ലാം ഉത്തരവാദി റാള്‍ഫാണെന്നും കോറ പറയുന്നു. 2015-ലാണ് ഇരുവരും വേർപിരിഞ്ഞത്. 

അതേസമയം ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്  അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഫോര്‍മുല വണ്‍ മാനേജറായ ഫ്‌ളാവിയോ ബ്രയാതോറിന്റെ ഭാര്യ എലിസബത്ത് ഗ്രഗറാസി. ഷൂമാക്കർ സംസാരിക്കുന്നില്ലെന്നും കണ്ണുകള്‍ കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്നുമാണ് അവർ പറയുന്നത്. 

മൈക്കല്‍ സംസാരിക്കുന്നില്ല. കണ്ണുകള്‍ കൊണ്ടാണ് ആശയവിനിമയം നടത്തുന്നത്. അദ്ദേഹത്തിനെ മൂന്നുപേര്‍ക്ക് മാത്രമാണ് സന്ദര്‍ശിക്കാനാകുക. അവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാം. അവര്‍ ഇപ്പോൾ സ്‌പെയിനിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ ഭാര്യ ആ വീട്ടില്‍ ഒരു ആശുപത്രി ഒരുക്കിയിട്ടുണ്ട്.- എലിസബത്ത് ഒരു ഇറ്റാലിയന്‍ ടിവി ഷോയ്ക്കിടെ പറഞ്ഞതായി എക്‌സ്പ്രസ്.കോ.യുകെ റിപ്പോര്‍ട്ട് ചെയ്തു. 

മെട്രോ.കോ.യുകെ യുടെ റിപ്പോര്‍ട്ട് പ്രകാരം അപകടത്തിന് ശേഷം ഷൂമാക്കറെ ആദ്യമായി പൊതുസ്ഥലത്ത് പോകാന്‍ അനുവദിച്ച ചടങ്ങ് കൂടിയായിരുന്നു മകൾ ജിന ജിന മരിയയുടെ വിവാഹം.  ഷൂമാക്കറുടെയും കോറിനയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് ജിന. മിക്ക് ആണ് രണ്ടാമത്തെ മകന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ അവരുടെ ഫോണുകള്‍ മാറ്റിവെക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് വിവരം. അതിനാല്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

2013 ഡിസംബര്‍ 29-നാണ് കായികപ്രേമികളെ ഒന്നാകെ നിരാശയിലാഴ്ത്തി മൈക്കല്‍ ഷൂമാക്കറെന്ന ഇതിഹാസതാരം നിശബ്ദതയിലേക്ക് വീണത്. ആല്‍പ്‌സ് പര്‍വത നിരയിലെ മഞ്ഞുപാളികളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. കുറേക്കാലം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്‌നില്‍ വിദഗ്ദ്ധ ചികിത്സ നേടി. അതിനുശേഷം അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വീട്ടിലേക്കുമാറ്റി.

അന്നുമുതല്‍ ഷൂമാക്കറുടെ നിഴലായി ഭാര്യ കോറിനയും മക്കളായ മിക്കും ജിന മരിയയും കൂടെയുണ്ട്. ഷൂമാക്കറിന് അപകടം സംഭവിക്കുമ്പോള്‍ 14 വയസുണ്ടായിരുന്ന മിക്കിന് ഇന്ന് പ്രായം 24 ആണ്. അച്ഛനെപ്പോലെ റേസിങ് ട്രാക്കിനോടാണ് മിക്കിന്റേയും ഇഷ്ടം. എന്നാല്‍ മകള്‍ ജിന മരിയ അല്‍പം വഴിമാറിയാണ് സഞ്ചരിച്ചത്. അച്ഛന്‍ രോഗക്കിടക്കയിലേക്ക് വീഴുമ്പോള്‍ 16-കാരിയായിരുന്ന ജിന പിന്നീട് കുതിരയോട്ടത്തില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു.